പെൻഷനുണ്ടെന്നറിഞ്ഞത് 20 വർഷം കഴിഞ്ഞ്, 100 വയസ്സുകാരിക്ക് നഷ്ടമായത് 77 ലക്ഷം
text_fieldsലണ്ടൻ: പെൻഷന് അർഹതയുണ്ടെന്ന് അറിയാൻ വൈകിയത് വയോധികക്ക് നഷ്ടപ്പെടുത്തിയത് അനേകലക്ഷങ്ങൾ. യു.കെയിലെ ക്രോയ്ഡൺ സ്വദേശിനിയായ 100 വയസ്സുകാരിയാണ് നീണ്ട രണ്ട് പതിറ്റാണ്ട് തെറ്റിദ്ധാരണയുടെ പേരിൽ എല്ലാം നഷ്ടപ്പെടുത്തിയത്. ക്രോയ്ഡണിൽ 1921ൽ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ മാർഗരറ്റ് ബ്രാഡ്ഷാ 30 വർഷത്തോളം അവിടെയാണ് തൊഴിലെടുത്തത്. അതുകഴിഞ്ഞ് തിരിച്ചെത്തി ബ്രിട്ടനിൽ തന്നെ താമസിച്ചുവരികയായിരുന്നുവെങ്കിലും കാനഡയിൽ താമസിച്ചതിനാൽ 80 വയസ്സ് പൂർത്തിയാകുന്നതോടെ ലഭിക്കുന്ന പെൻഷൻ അർഹതയില്ലെന്നാണ് കരുതിയത്. അത്രയും കാലം പെൻഷൻ വാങ്ങിയിരുന്നുവെങ്കിൽ അത് 75,000 പൗണ്ട് (77 ലക്ഷം രൂപ) ഉണ്ടാകുമായിരുന്നു.
എന്നാൽ, അടുത്തിടെയാണ് 78കാരിയായ മകൾ ഹെലൻ കണ്ണിങ്ഹാം ആ ഞെട്ടിക്കുന്ന വിവരം മാതാവിനെ അറിയിച്ചത്. ഒരു പത്രവാർത്തയാണ് തുണയായത്. പ്രായം 80 തികഞ്ഞ അന്നുമുതൽ ഓരോ ആഴ്ചയും 82.45 പൗണ്ട് (8,461 രൂപ) സർക്കാർ പെൻഷനായി അനുവദിക്കും. ഇൻഷുറൻസ് തുക അടച്ചാലും ഇല്ലെങ്കിലും തുക ലഭിക്കും. കാനഡയിൽ ജോലിയെടുത്ത കാലത്ത് അടക്കാത്തത് വില്ലനാകില്ലെന്നർഥം.
ഒമ്പത് ചെറുമക്കളുടെ മുത്തശ്ശിയായ മാർഗരറ്റ് അപേക്ഷ നൽകിയതോടെ ഇപ്പോൾ പെൻഷൻ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മറവിരോഗം അലട്ടുന്ന അവർ കാനഡയിലെ ജോലിയുടെ തുടർച്ചയായി ലഭിക്കുന്ന ചെറിയ പെൻഷൻ തുകയിലാണ് ജീവിക്കുന്നത്.
കുടിശ്ശികയിനത്തിൽ 4,000 പൗണ്ട് സർക്കാർ അനുവദിച്ചിരുന്നു. അവശേഷിച്ച തുക എെന്നന്നേക്കുമായി നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.