റഷ്യൻ സൈനിക വ്യോമതാവളം ആക്രമിച്ച് യുക്രെയ്ൻ
text_fieldsകിയവ്: യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ സൈനിക വ്യോമതാവളത്തിന് തീപിടിച്ചു. തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് മേഖലയിൽ വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. ആളപായമില്ലെന്ന് അറിയിച്ച റീജനൽ ഗവർണർ ആൻഡ്രീ ബോച്ചറോവ്, നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. മരിനോവ്കക്ക് സമീപം ഒക്റ്റ്യബ്രസ്‌കി ഗ്രാമത്തിലുള്ള സൈനിക വ്യോമതാവളം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി റഷ്യൻ ടെലിഗ്രാം ചാനലുകൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം നടത്തിയെന്ന് യുക്രെയ്ൻ സമ്മതിച്ചിട്ടില്ലെങ്കിലും റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം. സൈനിക വ്യോമതാവളത്തിൽനിന്ന് കറുത്ത പുക ഉയരുന്നതിന്റെയും തൊട്ടടുത്ത് രാത്രി സ്ഫോടനം നടക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ റഷ്യൻ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കിഴക്കൻ യുക്രെയ്ൻ അതിർത്തിയിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് മരിനോവ്ക.
സൈനിക താവളത്തിൽനിന്ന് കിലോമീറ്ററുകൾക്കകലെ ഒരു ഡ്രോൺ വെടിവെച്ചിട്ടതായും മറ്റൊരു ഡ്രോണിന്റെ അവശിഷ്ടം ട്രെയിലറിൽ പതിച്ച് തീപിടിക്കുകയായിരുന്നെന്നും റഷ്യൻ പൊലീസുമായി അടുത്ത ബന്ധമുള്ള ബാസ ടെലഗ്രാം ചാനൽ അറിയിച്ചു. അതേസമയം, യുദ്ധവിമാനങ്ങൾ നിർത്തിയിട്ടിരുന്ന സൈനിക വ്യോമതാവളത്തിൽനിന്ന് തീ ഉയരുന്നതിന്റെ ഉപഗ്രഹങ്ങൾ പകർത്തിയ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.