റഷ്യ പണി തന്നാലോ എന്ന് പേടി; ടെലിഗ്രാം ആപ് വിലക്കി യുക്രെയ്ൻ
text_fieldsകിയവ്: റഷ്യയുമായുള്ള യുദ്ധം രൂക്ഷമായി തുടരവെ, സർക്കാർ ഉപകരണങ്ങളിൽ ടെലിഗ്രാം ആപ് നിരോധിച്ച് യുക്രെയ്ൻ. ഇതുസംബന്ധിച്ച നിർദേശം സൈനിക ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും കൈമാറി. റഷ്യയിൽനിന്നുള്ള സുരക്ഷ ഭീഷണി മുൻനിർത്തിയാണ് നടപടിയെന്നും ദേശീയ സുരക്ഷക്ക് ഇത് ആവശ്യമാണെന്നുമാണ് വിശദീകരണം.
യുക്രെയ്‌നിലെ സുരക്ഷ, പ്രതിരോധ കൗൺസിൽ ഫേസ്ബുക്കിലൂടെയാണ് വിലക്കിനെക്കുറിച്ച് അറിയിച്ചത്. അതേസമയം, സ്വകാര്യ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളിൽ ടെലിഗ്രാം ആപ് ഉപയോഗിക്കുന്നതിൽ വിലക്കില്ല. സർക്കാർ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, സുരക്ഷ- പ്രതിരോധ ജീവനക്കാർ, ആണവ നിലയം ഉൾപ്പെടെ നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ ജീവനക്കാർ എന്നിവരുടെ ഔദ്യോഗിക ഉപകരണങ്ങളിലാണ് ആപിന് നിരോധനം ഏർപ്പെടുത്തിയതെന്ന് യുക്രെയ്നിലെ നാഷനൽ സൈബർ സെക്യൂരിറ്റി കോഓഡിനേഷൻ സെന്‍റർ അറിയിച്ചു.
സൈബർ ആക്രമണങ്ങൾക്കും തട്ടിപ്പുകൾ പ്രചരിപ്പിക്കാനും മിസൈൽ ആക്രമണങ്ങൾക്കും റഷ്യ സജീവമായി ടെലിഗ്രാം ആപ് ഉപയോഗിക്കുന്നുണ്ടെന്ന് യുക്രെയ്‌നിന്‍റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ വിലയിരുത്തിയിരുന്നു. ടെലിഗ്രാം ഉപയോഗിക്കുന്നവരുടെ ഡിലീറ്റ് ചെയ്തതടക്കമുള്ള മെസേജുകൾ പരിശോധിക്കാൻ റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിയുമെന്ന് യുക്രെയ്ൻ ഇന്‍റലിജൻസ് മേധാവി കൈറിലോ ബുഡനോവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.