ബഖ്മൂത്ത് നഗരത്തിൽ കടന്നതായി യുക്രെയ്ൻ
text_fieldsകിയവ്: റഷ്യൻ അധിനിവേശത്തിനു കീഴിലുള്ള കിഴക്കൻ മേഖലയിലെ ബഖ്മൂത്ത് നഗരത്തിന്റെ രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നുകയറിയതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഉപപ്രതിരോധമന്ത്രി ഹന്ന മല്യാറാണ് ഇക്കാര്യം അറിയിച്ചത്.
ഒരാഴ്ചക്കിടെ റഷ്യൻ സേനക്ക് കനത്ത നാശനഷ്ടം നേരിട്ടതായും മല്യാർ പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ യുക്രെയ്ൻ ആരംഭിക്കുമെന്ന് കരുതുന്ന പ്രത്യാക്രമണം തുടങ്ങിയതായി സൂചനകളില്ല.
ബഖ്മൂത്തിൽ പ്രവേശിച്ചതായുള്ള യുക്രെയ്ൻ അവകാശവാദം റഷ്യ നിഷേധിച്ചു. ‘മുന്നേറ്റ’മുണ്ടാക്കിയതായി ചില വ്യക്തികൾ ടെലിഗ്രാമിൽ നടത്തുന്ന പ്രഖ്യാപനങ്ങൾ യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രത്യേക സൈനിക പ്രവർത്തന മേഖലയിലെ പൊതു സാഹചര്യം നിയന്ത്രണവിധേയമാണെന്നും മന്ത്രാലയം പറഞ്ഞു. യുക്രെയ്നിലെ അധിനിവേശത്തിന് റഷ്യ നൽകിയ പേരാണ് പ്രത്യേക സൈനിക പ്രവർത്തന മേഖല എന്നത്.
ബഖ്മൂത്തിലെ താവളങ്ങൾ റഷ്യൻ സേന ഉപേക്ഷിച്ചുപോവുകയാണെന്ന് റഷ്യക്കുവേണ്ടി യുദ്ധം ചെയ്യുന്ന വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ജെനി പ്രിഗോഷിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.