യുക്രെയ്നിൽ അടിയന്തരാവസ്ഥ, പ്രതിരോധിക്കുമെന്ന് പ്രസിഡന്‍റ്
text_fieldsകിയവ്: റഷ്യൻ സൈന്യം യുക്രെയ്ൻ അതിർത്തിയിലേക്ക് കൂടുതൽ അടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയാണ് യുദ്ധകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
റഷ്യൻ സൈന്യം അതിർത്തി കടന്നാൽ സർവശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിർ സെലൻസ്കി വ്യക്തമാക്കി. ഏതു സമയവും യുദ്ധത്തിന് സാധ്യതയുണ്ട്. രണ്ട് ലക്ഷത്തോളം വരുന്ന റിസർവ് സൈനികർ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്നും സെലൻസ്കി നിർദേശം നൽകി.
നിലവിൽ യുക്രെയ്ൻ അതിർത്തിക്ക് 15 കിലോമീറ്റർ മാത്രം അകലെയാണ് റഷ്യൻ സൈന്യം നിലയുറപ്പിച്ചത്. ഇതിന്‍റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യുദ്ധസാധ്യത കണക്കിലെടുത്ത് 18-60 പ്രായക്കാരോട് സൈന്യത്തിൽ ചേരാനും യുക്രെയ്ൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കിഴക്കൻ യുക്രെയ്നിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ താൽകാലികമായി നിർത്തിവെച്ചു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ചില വ്യോമപാതകൾ വഴിയുള്ള യാത്ര അപകടകരമായ സാഹചര്യത്തിലാണ് യുക്രെയ്ൻ അധികൃതരുടെ നടപടി.
അതിനിടെ, യുക്രെയ്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം നടന്നു. പാർലമെന്‍റ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ വെബ്സൈറ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
യുക്രെയ്ന് എല്ലാവിധ ആയുധ സഹായങ്ങളും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി.
റഷ്യയിലുള്ള മുഴുവൻ യുക്രെയ്ൻകാരോടും അടിയന്തരമായി സ്വരാജ്യത്തേക്കു മടങ്ങാൻ യുക്രെയ്ൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. 30 ലക്ഷത്തോളം യുക്രെയ്ൻകാരാണ് റഷ്യയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.