യുക്രെയ്ൻ: റഷ്യക്കെതിരെ പുതിയ ഉപരോധവുമായി യൂറോപ്യൻ യൂനിയൻ
text_fieldsകിയവ്: ബുച്ച കൂട്ടക്കുരുതിയിൽ റഷ്യക്കെതിരെ ലോകരാജ്യങ്ങളുടെ രോഷം കത്തുന്നതിനിടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. ഇറ്റലി, ഡെന്മാർക്, സ്വീഡൻ, സ്പെയിൻ എന്നിവ 74 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയാണ് റഷ്യയോടുള്ള അമർഷം വെളിപ്പെടുത്തിയത്.
റഷ്യൻ നയതന്ത്രജ്ഞരെ യൂറോപ്യൻ രാജ്യങ്ങൾ കൂട്ടത്തോടെ പുറത്താക്കിയത് ചർച്ചകളെ ദുഷ്കരമാക്കുന്ന ദീർഘവീക്ഷണമില്ലാത്ത നീക്കമായാണ് റഷ്യ വിശേഷിപ്പിച്ചത്. പ്രതിസന്ധി നിറഞ്ഞ അന്തരീക്ഷത്തിൽ നയതന്ത്ര ആശയവിനിമയ അവസരങ്ങൾ കുറക്കുന്നത് ദീർഘവീക്ഷണമില്ലാത്ത നീക്കമാണെന്നും ഇത് ആശയവിനിമയത്തെ കൂടുതൽ സങ്കീർണമാക്കുമെന്നും പരിഹരിക്കേണ്ടത് ആവശ്യമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡെന്മാർക് 15, ഇറ്റലി 30, സ്പെയിൻ 25, റഷ്യൻ നയതന്ത്രജ്ഞരെയും പുറത്താക്കി. തിങ്കളാഴ്ച ഫ്രാൻസ് 35 പേരെയും ജർമനി 40 പേരെയും പുറത്താക്കിയിരുന്നു. അതേസമയം, യൂറോപ്യൻ യൂനിയന്റെ എക്സിക്യൂട്ടിവ് വിഭാഗം റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചു. പ്രതിവർഷം 400 കോടി യൂറോ മൂല്യമുള്ള കൽക്കരി ഇറക്കുമതിക്ക് നിരോധനം, റഷ്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ വി.ടി.ബി ഉൾപ്പെടെ നാലു റഷ്യൻ ബാങ്കുകൾക്ക് പൂർണ നിരോധനം, റഷ്യൻ കപ്പലുകൾ യൂറോപ്യൻ യൂനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനും റഷ്യൻ, ബെലറൂസിയൻ റോഡ് ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്കും നിരോധനം, 10 ബില്യൺ യൂറോ വിലമതിക്കുന്ന അർധചാലകങ്ങളുടെയും യന്ത്രസാമഗ്രികളുടെയും കയറ്റുമതിയും മരം, സിമന്റ്, സീഫുഡ്, മദ്യം എന്നിവയുടെ ഇറക്കുമതികളുമാണ് നിരോധിച്ചത്. യൂറോപ്യൻ യൂനിയനിൽ ഉടനീളമുള്ള കരാറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് റഷ്യൻ കമ്പനികളെ വിലക്കും. റഷ്യൻ എണ്ണയുടെ ഇറക്കുമതി ഉൾപ്പെടെയുള്ള മറ്റ് ഉപരോധങ്ങൾക്കും ശ്രമമുണ്ട്. റഷ്യൻ ഊർജത്തിന് സമ്പൂർണ ഉപരോധത്തിനായി ജർമനിയിൽ ചർച്ചകൾ സജീവമാണ്. യൂറോപ്യൻ യൂനിയനിലെ 27 അംഗരാജ്യങ്ങളും അംഗീകരിച്ചാൽ യുക്രെയ്ൻ അധിനിവേശത്തിന് തുടക്കമിട്ടതിനുശേഷമുള്ള അഞ്ചാമത്തെ ഉപരോധമാകുമിത്. റഷ്യ ക്രൂരമായ യുദ്ധം നടത്തുന്നതായി ഉപരോധ നടപടികൾ പ്രഖ്യാപിച്ച് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആരോപിച്ചു. പുതിയ ഉപരോധം ബുധനാഴ്ച അംഗീകരിക്കപ്പെടുമെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യ മന്ത്രി ക്ലെമന്റ് ബ്യൂൺ ചൊവ്വാഴ്ച പറഞ്ഞു. ബുച്ച സംഭവം റഷ്യൻ സൈന്യം യുക്രെയ്ൻ പൗരന്മാരെ ലക്ഷ്യമിട്ടതിന്റെ പ്രത്യക്ഷ തെളിവാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഓഫിസ് പറഞ്ഞു.
ബുച്ചയിൽ അതിക്രമം നടത്താൻ റഷ്യ ബോധപൂർവമായ പ്രചാരണം നടത്തുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു. അതിനിടെ ഫ്രഞ്ച് പൗരന്മാർക്കെതിരായ നടപടികളുമായി ബന്ധപ്പെട്ട് യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ഫ്രാൻസ് അന്വേഷണം ആരംഭിച്ചു.അതേസമയം, വിദേശത്തെ റഷ്യൻ ആസ്തികൾ ദേശസാത്കരിക്കാനുള്ള സാധ്യത ഇരുതല മൂർച്ചയുള്ള ആയുധമാണെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു.
വിദേശ സർക്കാറുകളുടെ അത്തരം നീക്കങ്ങളോട് മോസ്കോ പ്രതികരിക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു പുടിന്റെ പ്രതികരണം. വാതക വിൽപന, ശേഖരണ, വിതരണ ബിസിനസായ ഗാസ്പ്രോം ജർമനിയയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ജർമനി പറഞ്ഞതിന് തൊട്ടുപിറകെയാണ് പുടിന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.