യുക്രെയ്ൻ ധാന്യ കയറ്റുമതി നിർത്തി; ഭക്ഷ്യക്ഷാമം രൂക്ഷമാകും
text_fieldsകിയവ്: ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ പിൻവാങ്ങിയതോടെ യുക്രെയ്ൻ സമുദ്രം വഴിയുള്ള ധാന്യ കയറ്റുമതി നിർത്തിവെച്ചു. ക്രീമിയയിൽ തങ്ങളുടെ കപ്പലുകൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് റഷ്യ കരാറിൽനിന്ന് പിൻവാങ്ങിയത്. നേരത്തെ, ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. ഒമ്പതു ദശലക്ഷം ടണ്ണിലധികം യുക്രെയ്ൻ ധാന്യം കയറ്റുമതി ചെയ്യാനായിരുന്നു കരാർ പ്രകാരം അനുവദിച്ചിരുന്നത്. ലോകത്തിലെ വലിയ ധാന്യ ഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും.
ധാന്യനീക്കം റഷ്യ തടഞ്ഞതിനാൽ കടലിലുള്ള 176 കപ്പലുകളിൽ രണ്ടു ദശലക്ഷം ടൺ ധാന്യം കെട്ടിക്കിടക്കുകയാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ കുറിച്ചു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമം തിരികെ കൊണ്ടുവരാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി കുറ്റപ്പെടുത്തി. മോസ്കോ ആഹാരം ആയുധമാക്കുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു. യൂറോപ്യൻ യൂനിയൻ റഷ്യയോട് തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടു. മാനുഷിക സേവന ദൗത്യമായ ധാന്യനീക്കം പ്രതിസന്ധിയിലാക്കുന്ന നടപടികളിൽനിന്ന് റഷ്യ പിന്തിരിയണമെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാരിക് അഭ്യർഥിച്ചു. ക്രീമിയയെ ലക്ഷ്യംവെച്ച് നിരവധി ഡ്രോൺ ആക്രമണങ്ങൾ യുക്രെയ്ൻ നടത്തിയതായാണ് റഷ്യ പറയുന്നത്. ഒമ്പതു ഡ്രോണുകൾ കരയിലും ഏഴെണ്ണം കടലിലും കഴിഞ്ഞ ദിവസം തകർത്തതായി അവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.