യുക്രെയ്ൻ യുദ്ധഭീതിയിൽ, എല്ലാവരും നാടുപിടിക്കാനുള്ള തത്രപ്പാടിൽ - മലയാളി വിദ്യാർഥി
text_fieldsഒഡേസ (യുക്രെയ്ൻ): യുദ്ധം പൊട്ടിപ്പുറപ്പെടും മുമ്പ് സ്വന്തം നാടുകളിലെത്താനുള്ള തത്രപ്പാടിലാണ് യുക്രെയ്നിൽ കഴിയുന്ന ഭൂരിഭാഗം വിദേശികളുമെന്ന് അവിടെ മെഡിക്കൽ വിദ്യാർഥിയായ കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹസനുൽ ഫായിസ് വള്ളിൽ 'മാധ്യമ'ത്തോട് പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽനിന്ന് 700 കിലോമീറ്റർ അകലെ കരിങ്കടൽ തീരത്തെ ഒഡേസയിൽ സ്ഥിതിചെയ്യുന്ന ഒഡേസ നാഷനൽ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഫായിസ്.
യുക്രെയ്നിലെ പ്രധാന തുറമുഖം സ്ഥിതിചെയ്യുന്ന ഒഡേസ, സംഘർഷ മേഖലയിൽനിന്ന് അകലെയാണെങ്കിലും യുദ്ധഭീതി എല്ലാവരിലുമുണ്ട്. റഷ്യൻ സൈന്യം രാജ്യം പിടിച്ചടക്കുമെന്ന് ഭയക്കുന്നവരും ഒന്നും സംഭവിക്കില്ലെന്ന് ശുഭാപ്തി വിശ്വാസമുള്ളവരും ഒരുപോലെ യുക്രെയ്നിലുണ്ട്. അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി മുഴുവൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടതോടെ വിമാന ടിക്കറ്റ് സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ദുബൈ, തുർക്കി, ഖത്തർ വിമാനങ്ങളാണ് നിലവിൽ സർവിസ് നടത്തുന്നത്.
ടിക്കറ്റിനുള്ള നെട്ടോട്ടം തുടങ്ങിയതോടെ തുക ഇരട്ടിയായതായി ഫായിസ് പറഞ്ഞു. ഈ മാസം 26ന് ദുബൈ വഴി നാട്ടിലേക്കുള്ള ടിക്കറ്റ് ഫായിസിനും ലഭിച്ചിട്ടുണ്ട്. സാധാരണഗതിയിൽ കിയവ് വഴി നാട്ടിലേക്ക് മടങ്ങാറുള്ളവരെല്ലാം സുരക്ഷ മുൻനിർത്തി ഇത്തവണ ഒഡേസ വഴി തന്നെയാണ് മടങ്ങുന്നത്. ഒഡേസ നാഷനൽ യൂനിവേഴ്സിറ്റിയിൽമാത്രം അഞ്ഞൂറോളം മലയാളി വിദ്യർഥികളുണ്ട്. ഇതിന് പുറമെ ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും ധാരാളം വിദ്യാർഥികളും പഠിക്കുന്നു. നിലവിൽ ഒരു മാസത്തേക്ക് യുക്രെയ്നിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ സാഹചര്യം എന്തായിരിക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്.
യൂനിവേഴ്സിറ്റിയിലെ ക്ലാസുകൾ മാർച്ച് ഒമ്പതുവരെ ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. സംഘർഷം അവസാനിക്കുംവരെ ഇതേനില തുടരേണ്ടിവരുമെന്നാണ് കരുതുന്നതെന്നും ഫായിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.