യുക്രെയ്ൻ അധിനിവേശത്തിൽ ബെലറൂസ് എന്ന റഷ്യൻ കരു
text_fieldsലണ്ടൻ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ ഒരു ചതുരംഗക്കളിയോടുപമിച്ചാൽ അതിലെ റഷ്യൻ പക്ഷത്തെ കാലാളായി വേണം ബെലറൂസ് എന്ന രാജ്യത്തെ കാണാൻ. കഴിഞ്ഞ 18 മാസമായി ബെലറൂസിൽ നിറഞ്ഞുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കണ്ടതിന്റെ ബാക്കിപത്രമാണ് റഷ്യയുടെ കാലാളാവാനുള്ള പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോയുടെ തീരുമാനത്തിന് പിന്നിൽ.
കിഴക്കൻ യുക്രെയ്നിലെ പോരാട്ടം അവസാനിപ്പിക്കാൻ 2015ൽ ചർച്ചകൾക്ക് മുന്നിട്ടിറങ്ങിയ അതേ ബെലറൂസ് തന്നെയാണ് യുക്രെയ്നെതിരായ റഷ്യൻ ആക്രമണത്തിന് സൗകര്യമൊരുക്കാൻ തീരുമാനിച്ചത്. ഇങ്ങനെ ചെയ്തതിലൂടെ, ലുകഷങ്കോ സ്വന്തം രാജ്യത്തിന്റെ പരമാധികാരം കൂടിയാണ് റഷ്യക്ക് മുന്നിൽ അടിയറവ് വെച്ചത്.
റഷ്യയും ബെലറൂസും തമ്മിലുള്ള ബന്ധത്തിന് ദീർഘവും സങ്കീർണവുമായ ചരിത്രമുണ്ട്. 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ബെലറൂസ് വിപ്ലവം വരെ നീണ്ടുനിൽക്കുന്നതാണത്. 2020 ആഗസ്റ്റിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. തന്റെ 26 വർഷത്തെ ഭരണത്തിലെ ഏറ്റവും വലിയ ജനകീയ വെല്ലുവിളി നേരിട്ട ലുകഷങ്കോ പക്ഷേ അതിവിദഗ്ധമായി ഇത് മറികടന്നു. നാറ്റോ രാജ്യങ്ങളാണ് ബെലറൂസിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനും റഷ്യക്കെതിരായ പോരാട്ടത്തിൽ ബെലറൂസിനെ പാലമാക്കാനും പടിഞ്ഞാറൻ രാജ്യങ്ങൾ പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം വെടിപൊട്ടിച്ചു. പ്രക്ഷോഭകരെയും പുടിനെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഈ തന്ത്രം ഫലിച്ചു. ലുകഷങ്കോയുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ റഷ്യ ഇത് അവസരമായി കാണുകയും പിന്തുണ നൽകി ബെലറൂസിനോട് കൂടുതൽ അടുക്കുകയും ചെയ്തു.
സങ്കീർണമായ ബന്ധം
1994ൽ ലുകഷങ്കോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും റഷ്യയുമായി കൂടുതൽ സാമ്പത്തികവും രാഷ്ട്രീയവുമായും ബെലറൂസ് ബന്ധം പുലർത്തിയിരുന്നു. രണ്ടാം ലോകയുദ്ധശേഷം ബെലറൂസിന്റെ സാമ്പത്തിക മുന്നേറ്റത്തിന് റഷ്യ വഴിവെച്ചു. യുദ്ധാനന്തരം വൻ നിക്ഷേപം ഒഴുകിയെത്തി. 1970കളോടെ ഏറ്റവും സാമ്പത്തികമായി വിജയിച്ച സോവിയറ്റ് റിപ്പബ്ലിക്കുകളിൽ ഒന്നായി ബെലറൂസ് മാറി. റഷ്യയുമായുള്ള സാമ്പത്തിക ഏകീകരണം നല്ല ആശയമാണെന്ന് ലുകഷങ്കോയും തിരിച്ചറിഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വിദേശനയ സഹകരണത്തിന് അദ്ദേഹം തയാറായി. 1999ൽ ബെലറൂസും റഷ്യയും യൂനിയൻ സ്റ്റേറ്റ് സ്ഥാപിക്കുന്നതിനുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഒരൊറ്റ കറൻസി, പൊതുവായ നികുതി എന്നിവ വന്നെങ്കിലും ഒരു സംയുക്ത പ്രതിരോധ നയം മാത്രം പിറന്നില്ല. റഷ്യൻ ഊർജ സ്രോതസ്സുകളെ ബെലറൂസ് ആശ്രയിക്കുന്നത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. റഷ്യൻ ഗ്യാസിനും എണ്ണയ്ക്കും വിലയിൽ ഇളവ് നൽകുന്നതിനെച്ചൊല്ലി റഷ്യയുമായി ലുകഷങ്കോ പതിവായി വിലപേശിയത് പ്രശ്നങ്ങൾക്കു വഴിവെച്ചു.
സുപ്രധാന നിമിഷം
2010കളുടെ ആരംഭം മുതൽ യുക്രെയ്‌നിനെതിരായ പുടിന്റെ ആക്രമണാത്മക നിലപാട് തുടക്കത്തിൽ ലുകഷങ്കോയെ ആശങ്കയിലാഴ്ത്തി. ബെലറൂസിന് അത് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയെ കുറിച്ച് ആശങ്കാകുലനായ അദ്ദേഹം, റഷ്യയിൽനിന്ന് തന്റെ സർക്കാറിനെ അകറ്റാൻ ദേശീയതാവാദം ഉയർത്തി. അതേസമയം, രണ്ട് രാഷ്ട്രങ്ങളെയും സമന്വയിപ്പിക്കാനുള്ള നീക്കത്തിൽ റഷ്യ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു. 2014ൽ, റഷ്യ ക്രിമിയ പിടിച്ചെടുത്തത് അംഗീകരിക്കുന്നതിനു പകരം ലുകഷങ്കോ പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടിനൊപ്പം നിന്നു. 2020 ആയപ്പോഴേക്കും റഷ്യയുമായുള്ള ബന്ധം തീർത്തും വഷളായി.എന്നാൽ, 2020ൽ ലുകഷങ്കോ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടു. രാജ്യത്തെ വൻ പ്രതിഷേധങ്ങളും പോളണ്ട് അതിർത്തിയിൽ അദ്ദേഹം കുടിയേറ്റ പ്രതിസന്ധി സൃഷ്ടിച്ചതും ബെലറൂസിനു മേൽ പടിഞ്ഞാറിന്റെ കൂടുതൽ ഉപരോധത്തിന് കാരണമായി. 2020 അവസാനത്തോടെ ബെലറൂസിൽ വൻ പ്രതിഷേധവും വൻ അടിച്ചമർത്തലും നടന്നു. ആയിരക്കണക്കിന് പേർ തടവിലാക്കപ്പെട്ടു. നിരവധി പേർ രാജ്യം വിട്ടു. എന്നാൽ, ഇതിൽനിന്നെല്ലാം പരിഹാരം കാണാൻ ലുകഷങ്കോക്കായി. 2021 നവംബറിൽ ബെലറൂസും റഷ്യയും ഒരു സമഗ്ര സാമ്പത്തിക സംയോജന പരിപാടിയിൽ ഒപ്പുവെച്ചു. ഇതോടൊപ്പം സംയുക്ത സൈനിക തത്ത്വം അംഗീകരിക്കുകയും ചെയ്തു.
ലുകഷങ്കോയുടെ അന്താരാഷ്ട്ര ഒറ്റപ്പെടൽ തിരിച്ചറിഞ്ഞ പുടിൻ കിയവിൽനിന്ന് 50 മൈൽ മാത്രം അകലെയുള്ള ബെലറൂസ്-യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സൈനികസാന്നിധ്യം ഏർപെടുത്താൻ തീരുമാനിച്ചപ്പോൾ ലുകഷങ്കോക്ക് അംഗീകരിക്കാതെ തരമില്ലായിരുന്നു. തങ്ങളുടെ സൈന്യം ഇതുവരെ അധിനിവേശത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ബെലറൂസ് അവകാശപ്പെടുന്നുണ്ടെങ്കിലും ആണവായുധങ്ങൾ ഉപേക്ഷിക്കാനുള്ള 1994ലെ തീരുമാനം മാറ്റാൻ ബെലറൂസ് നടപടി സ്വീകരിച്ചു. ഫെബ്രുവരി 27ന് ആണവ രഹിതമായി തുടരാനുള്ള രാജ്യത്തിന്റെ ഭരണഘടനാ പ്രതിജ്ഞ റദ്ദാക്കി റഷ്യക്കൊപ്പം കൂടുതൽ അടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.