കൊല്ലപ്പെട്ട റഷ്യൻ സൈനികരെ കണ്ടെത്താൻ വെബ്സൈറ്റ് തുറന്ന് യുക്രെയ്ൻ
text_fieldsകിയവ്: അധിനിവേശത്തിൽ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്ത സൈനികരെ കണ്ടെത്താൻ റഷ്യൻ കുടുംബങ്ങളെ സഹായിക്കുന്നതിന് വെബ്സൈറ്റ് തുറന്ന് യുക്രെയ്ൻ. 200rf.com എന്ന വെബ്സൈറ്റിലാണ് കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ മൃതദേഹങ്ങളുടെയും രേഖകളുടെയും ചിത്രങ്ങളുള്ളത്. യുക്രെയ്ൻ സൈന്യം പിടികൂടിയ റഷ്യൻ സൈനികരുടെ വിഡിയോകളും ഇതിലുണ്ട്.
'ഞാൻ റഷ്യൻ ഭാഷയിലാണ് നിങ്ങളോട് സംസാരിക്കുന്നത്, കാരണം ഈ സൈറ്റ് നിങ്ങൾക്കായി സൃഷ്ടിച്ചതാണ്' -യുക്രെയ്ൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശകനായ വിക്ടർ ആൻഡ്രൂസിവ് സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. 'പല റഷ്യക്കാരും തങ്ങളുടെ മക്കളും ഭർത്താവും എവിടെയാണ്, അവർക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് എനിക്കറിയാം. അതിനാൽ ഞങ്ങൾ ഈ വിവരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. അതുവഴി ഓരോരുത്തർക്കും നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ കഴിയും. കഴിഞ്ഞ മൂന്ന് ദിവസത്തിനകം 3,000ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും 200 പേരെ പിടികൂടിയതായും ആൻഡ്രൂസിവ് പറഞ്ഞു. ഇവരുടെയെല്ലാം രേഖകളും ഫോട്ടോകളും വിഡിയോകളും ഞങ്ങളുടെ പക്കലുണ്ടെന്നും ആൻഡ്രൂസിവ് കൂട്ടിച്ചേർത്തു.
1980കളിൽ നടന്ന അഫ്ഗാനിസ്താൻ-സോവിയറ്റ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാൻ സോവിയറ്റ് സൈന്യം ഉപയോഗിച്ചിരുന്ന ഗ്രൂസ്-200 (കാർഗോ-200) വിമാനത്തിന്റെ പേരിനോട് സാദൃശ്യം പുലർത്തുന്നതാണ് വെബ്സൈറ്റിന്റെ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.