യുദ്ധവിരുദ്ധ പോസ്റ്ററുമായി റഷ്യൻ ടി.വി വാർത്ത തടസപ്പെടുത്തിയ യുവതിക്ക് നന്ദി പറഞ്ഞ് സെലൻസ്കി
text_fieldsകിയവ്: റഷ്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി വാർത്താ വായന തടസപ്പെടുത്തിയ യുവതിക്ക് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി നന്ദി പറഞ്ഞു.
സത്യം ലോകത്തെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാ റഷ്യക്കാരോടും ചാനൽ പരിപാടിയെ യുദ്ധവിരുദ്ധ പോസ്റ്റർ ഉപയോഗിച്ച് തടസപ്പെടുത്തിയ യുവതിയോടും വ്യക്തിപരമായി നന്ദിയുള്ളവനാണ് താനെന്ന് സെലൻസി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ചാനൽ 1ലെ തത്സമയ വാർത്താ ബുള്ളറ്റിനിടെയാണ് ഒരു വനിതാ എഡിറ്റർ യുദ്ധവിരുദ്ധ പോസ്റ്റർ പിടിച്ച് സെറ്റിലേക്ക് ഓടിക്കയറി അവതാരകന്റെ പിന്നിൽ നിന്ന് യുദ്ധത്തിനെതിരെ പ്രതിഷേധിച്ചത്. 'യുദ്ധം അവസാനിപ്പിക്കൂ, നടന്നു കൊണ്ടിരിക്കുന്ന പ്രചാരണങ്ങളിൽ വിശ്വസിക്കരുത്, ഇവർ ഇവിടെയിരുന്നു കൊണ്ട് കള്ളം വിളിച്ചുപറയുകയാണ്' എന്നിവയാണ് യുവതി ഉയർത്തിയ മുദ്രാവാക്യങ്ങൾ.
മറീന ഒവ്‌സ്യാനിക്കോവ എന്ന യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തെന്നും നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നുമാണ് വിവരം.
റഷ്യൻ അധിനിവേശത്തെ ഒരു കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച് മറീന നേരത്തെ പങ്കുവെച്ച വിഡിയോയിൽ ടെലിവിഷൻ സ്ക്രീനിൽ നിന്ന് കള്ളം പറയാൻ താൻ തന്നെത്തന്നെ അനുവദിച്ചതിൽ ലജ്ജ തോന്നുന്നതായി ആരോപിച്ചിരുന്നു.
ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും 2.5 ദശലക്ഷത്തിലധികം പേർ പലായനം ചെയ്യുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.