കിഴക്കൻ മേഖലയിൽ യുക്രെയ്ന് മുന്നേറ്റം
text_fieldsകിയവ്: കിഴക്കൻ മേഖലയിൽ റഷ്യൻ സേനക്കെതിരെ യുക്രെയ്ൻ സൈന്യത്തിന് മുന്നേറ്റമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ഖാർകിവിൽനിന്ന് അധികം വൈകാതെ റഷ്യൻ സേനയെ തുരത്താനാവുമെന്ന പ്രതീക്ഷയിലാണ് സെലൻസ്കി.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 11 ആഴ്ച പിന്നിട്ടിരിക്കുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് റഷ്യൻ സൈന്യം തന്ത്രം മാറ്റി കിഴക്കൻ മേഖലയിലേക്ക് ആക്രമണം കേന്ദ്രീകരിച്ചത്. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും അവിടെയും കാര്യമായ മുന്നേറ്റമുണ്ടായില്ല.
യുദ്ധത്തിന്റെ തുടക്കത്തിൽ ഡൊൺബസുൾപ്പെടെയുള്ള മേഖലകളിൽ റഷ്യൻ സൈന്യം ആധിപത്യം നേടിയിരുന്നു. ഒഡേസയിൽ റഷ്യൻ സൈന്യം ഏഴു തവണ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഷോപ്പിങ് കേന്ദ്രവും സംഭരണകേന്ദ്രവും തകർന്നു. ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ പാചകവാതക വിതരണം യുക്രെയ്ൻ തടഞ്ഞു. ഒരിടത്തു തടഞ്ഞെങ്കിലും മറ്റൊരിടത്ത് സൗകര്യം ചെയ്തു കൊടുത്തതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പാചകവാതക വിതരണം തടസ്സപ്പെട്ടില്ല. അതേസമയം, റഷ്യ സ്വീഡനെ ആക്രമിച്ചാൽ സംരക്ഷണം നൽകുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി. കൂട്ടക്കുരുതി തുടരുന്ന റഷ്യയുമായി അനുരഞ്ജനം അസാധ്യമാണെന്നാണ് സെലൻസ്കിയുടെ നിലപാട്. യുക്രെയ്നിൽ ദീർഘകാല യുദ്ധമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ ആഗ്രഹിക്കുന്നതെന്ന് യു.എസ് ഇന്റലിജൻസ് മേധാവി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.