മരിയുപോളിൽ യുക്രെയ്ൻ സൈന്യം കീഴടങ്ങി; റഷ്യ നടത്തുന്നത് വംശഹത്യയെന്ന് ജോ ബൈഡൻ
text_fieldsകിയവ്: തുറമുഖ നഗരമായ മരിയുപോളിൽ യുക്രെയ്ൻ സൈന്യം കീഴടങ്ങിയതായി റഷ്യയുടെ അവകാശവാദം. 162 മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 1026 സൈനികർ ആയുധം വെച്ച് കീഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാൽ, കീഴടങ്ങലിനെ കുറിച്ച് അറിയില്ലെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം വക്താവ് പ്രതികരിച്ചു. ലക്ഷത്തിലധികം ആളുകൾ പുറത്തുകടക്കാനാകാതെ മരിയുപോൾ നഗരത്തിൽ കുടുങ്ങികിടക്കുകയാണെന്ന് മേയർ വാദിം ബോയ്ചെൻകോ പറഞ്ഞു. റഷ്യ ഫോസ്ഫറസ് ബോംബ് ഉപയോഗിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി കുറ്റപ്പെടുത്തി.
സിവിലിയന്മാർക്കെതിരെ മോസ്കോ ഭീകര തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും എസ്തോനിയ പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സെലൻസ്കി പറഞ്ഞു. ഇടവേളക്കുശേഷം നിശ്ശബ്ദത വെടിഞ്ഞ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, യുക്രെയ്നിലെ അധിനിവേശത്തിനു പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നും സമാധാന ചർച്ചകൾ എങ്ങുമെത്തിയില്ലെന്നും വ്യക്തമാക്കി.
ആക്രമണം ശാന്തമായി, മുൻകൂടി നിശ്ചയിച്ച പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും നാശനഷ്ടങ്ങൾ പരാമവധി കുറക്കുകയെന്നതാണ് ലക്ഷ്യമെന്നും പുടിൻ പറഞ്ഞു. അതേസമയം, യുക്രെയ്നിൽ റഷ്യൻ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ കുറ്റപ്പെടുത്തി. ആദ്യമായാണ് ബൈഡൻ ഇത്തരത്തിൽ പ്രതികരിക്കുന്നത്.
ഞാൻ അതിനെ വംശഹത്യയെന്ന് വിളിക്കും. ഒരു യുക്രെയ്നുകാരൻ ആകുക എന്ന ആശയം പോലും തുടച്ചുനീക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്നും ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.