യുക്രെയ്ൻ തിരിച്ചടിക്കുന്നു: കുപിയാൻസ്ക് നഗരത്തിൽ കടന്ന് സൈന്യം
text_fieldsകിയവ്: ആറുമാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ കീഴടങ്ങാതെ പിടിച്ചുനിൽക്കുന്ന യുക്രെയ്ൻ സമീപ ദിവസങ്ങളിൽ നടത്തുന്ന തിരിച്ചടിയിൽ കിടുങ്ങി റഷ്യൻ സൈന്യം.
നേരത്തേ റഷ്യൻ ആധിപത്യത്തിന് കീഴിലായിരുന്ന കുപിയാൻസ്ക് നഗരത്തിൽ കടന്നതായും കനത്ത തിരിച്ചടി നൽകിയതായും യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യൻ സൈന്യത്തിന് ആയുധവും അവശ്യവസ്തുക്കളും എത്തിച്ചിരുന്ന പ്രധാന താവളമായ നഗരം തിരിച്ചുപിടിച്ചത് യുക്രെയ്ൻ സേനയുടെ ആത്മവിശ്വാസം വർധിപ്പിക്കും.
നഗരത്തിൽ സൈന്യം നിൽക്കുന്ന ചിത്രങ്ങൾ യുക്രെയ്ൻ സ്പെഷൽ ഫോഴ്സ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഏപ്രിലിൽ കിയവിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർബന്ധിതരാക്കപ്പെട്ടതിന് ശേഷം റഷ്യ നേരിട്ട വലിയ തിരിച്ചടിയാണ് ഈ ആഴ്ചയിലേത്.
യുക്രെയ്ൻ 50 കിലോമീറ്റർ തിരിച്ചുപിടിച്ചതായാണ് യു.കെ പ്രതിരോധ അധികൃതർ പറയുന്നത്. കൂടുതൽ മേഖലകൾ യുക്രെയ്ൻ വരും ദിവസങ്ങളിൽ തിരിച്ചുപിടിക്കുമെന്ന സൂചന യുദ്ധവിദഗ്ധർ നൽകുന്നുണ്ട്. പാശ്ചാത്ത്യൻ രാജ്യങ്ങളോട് അവർ കൂടുതൽ ആയുധം ആവശ്യപ്പെട്ടു.
തങ്ങൾ ക്രമേണ കൂടുതൽ ഭാഗങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ജനങ്ങളെ സംരക്ഷിക്കാനും രാഷ്ട്രപതാക പാറിക്കാനും സേനക്ക് കഴിയുമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.