കൊടുംതണുപ്പും റഷ്യൻ ആക്രമണവും; വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതം ഇരട്ടിയായി യുക്രെയ്ൻ
text_fieldsകിയവ്: അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന അവസ്ഥയിൽ വൈദ്യുതിയും വെള്ളവുമില്ലാതെ യുക്രെയ്നിൽ ഇരട്ടി ദുരിതം. റഷ്യൻ ആക്രമണങ്ങളിൽ ഊർജ അടിസ്ഥാന സൗകര്യങ്ങൾ നശിച്ച് റഷ്യയിലെ 80 ശതമാനം ഭാഗവും ഇരുട്ടിലാണ്.
തകരാറിലായ ഭാഗങ്ങൾ ശരിയാക്കാൻ യുക്രെയ്ൻ അധികൃതർ തീവ്രമായി ശ്രമിക്കുന്നതിനിടെ പുതിയ ആക്രമണങ്ങളുണ്ടാകുന്നു. ജലവിതരണ സംവിധാനവും താളംതെറ്റി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ജലവിതരണ സംവിധാനം പുനഃസ്ഥാപിച്ചതായി മേയർ ഇഹോർ തെരെകോവ് പറഞ്ഞു.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് കിയവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ പറഞ്ഞു. വൈദ്യുതിയില്ലാതെ തണുപ്പുകാലം പൂർണമായി അതിജീവിക്കുന്നത് പ്രയാസമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രിയിൽ യുക്രെയ്ൻ ഇരുട്ടിലാണ്ടതിന്റെ ഉപഗ്രഹദൃശ്യം നാസ പുറത്തുവിട്ടു. ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപകടത്തിലാണെന്നും മാനുഷിക ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തണുപ്പുകാലത്തെ ആയുധമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്ൻ ജനതയെ ദ്രോഹിക്കുകയാണെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു.
അതിനിടെ, അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് തങ്ങളെ തോൽപിക്കാനാവില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. അവർ കൈയടക്കിയ ഓരോ ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.