രാജ്യത്തിനുവേണ്ടി പോരാടുന്ന വിദേശികൾക്ക് പൗരത്വം നല്‍കുമെന്ന് യുക്രെയ്ന്‍; ഇതുവരെ തോക്കേന്തിയത് 16,000 പേർ
text_fieldsകീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ ഒപ്പം നിൽക്കുന്ന വിദേശികൾക്ക് ഭാവിയിൽ പൗരത്വം നൽകുമെന്ന് യുക്രെയ്ൻ. ഏകദേശം മുപ്പത് രാജ്യങ്ങളിൽ നിന്നായി പതിനാറായിരത്തിലേറെ പേർ ഇതുവരെ രാജ്യത്തിനൊപ്പം അണിചേർന്നിട്ടുണ്ടെന്നാണ് യുക്രെയ്ന്റെ കണക്ക്. യുക്രെയ്നിൽ സംഘർഷം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരേ പോരാടാൻ വിദേശികളെ പ്രസിഡൻറ് വ്ളാദിമർ സെലൻസ്കി ക്ഷണിച്ചിരുന്നു. തുടർന്ന് വിവിധ രാജ്യങ്ങളിലെ യുക്രെയ്ൻ എംബസികൾ കേന്ദ്രീകരിച്ച് നടത്തിയ റിക്രൂട്ട്മെൻറിലൂടെ ടെറിറ്റോറിയൽ ഡിഫെൻസിൻറെ ഇൻറർനാഷണൽ ലീജിയണിൽ പതിനാറായിരത്തിലേറെ പേർ ചേർന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സംഘത്തിൽ വിരമിച്ച സൈനികരും സാധാരണ പൗരന്മാരും ഉൾപ്പെടുന്നുണ്ട്. യുദ്ധത്തിൽ റഷ്യക്കെതിരെ പോരാടാൻ സ്വയം സന്നദ്ധരായി എത്തിയവരാണ് ഇക്കൂട്ടത്തിൽ അധികവും.
തമിഴ്നാട് സ്വദേശി സായ് നികേഷ് രവിചന്ദ്രനും ഇത്തരത്തിൽ യുക്രെയ്ൻ സൈന്യത്തിൽ ചേർന്നിരുന്നു. ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് സർവകലാശാല വിദ്യാർഥിയാണ് ഈ 21കാരൻ. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലക്കാരനാണ് യുവാവ്. 2018ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ സമയത്ത് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് നികേഷ് ശ്രമം നടത്തിയെങ്കിലും ഉയരക്കുറവ് കാരണം അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് ഖാർകീവിലെ നാഷണൽ എയ്‌റോസ്‌പേസ് സർവകലാശാലയിൽ ചേരുകയായിരുന്നു. വരുന്ന ജൂലൈയിൽ സർവകലാശാല പഠനം പൂർത്തിയാകും.
സൈന്യത്തിനൊപ്പം ചേരാനെത്തുന്നവർക്ക് രാജ്യത്ത് പ്രവേശന വിസ നൽകുന്ന ഉത്തരവും യുക്രെയ്ൻ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. യുക്രെയ്ന്റെ ഇന്റർനാഷണൽ ഡിഫൻസ് ലീജിയണിൽ ചേരാനുള്ള മാനദണ്ഡങ്ങൾ താൽക്കാലികമായി ഒഴിവാക്കിയതായും ഉത്തരവിൽ ഉണ്ടായിരുന്നു. ജോർജിയയുടെ മുൻ പ്രതിരോധ മന്ത്രി ഇറാക്കലി ഒക്രുവാഷ്‍വിലിയും ലാത്വിയയിൽ നിന്നുള്ള പാർലമെൻറ് അംഗവും യുദ്ധം ചെയ്യാൻ സന്നദ്ധത അറിയിച്ച് എത്തിയെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറയുന്നു. യുദ്ധമുഖത്ത് യുക്രെയ്ന് വേണ്ടി നിലയുറച്ച വിദേശികൾക്ക് ഭാവിയിൽ യുക്രെയ്ൻ പൗരത്വം സ്വീകരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് നൽകുമെന്ന് ആഭ്യന്തര സഹമന്ത്രി യെവ്‍ഹിൻ യെനിൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.