യുക്രെയ്നിന് യൂറോപ്യൻ യൂനിയൻ അംഗത്വത്തിന് ശിപാർശ
text_fieldsബ്രസൽസ്: യുക്രെയ്നിന് യൂറോപ്യൻ യൂനിയൻ അംഗത്വം നൽകണമെന്ന് യൂറോപ്യൻ കമീഷൻ വെള്ളിയാഴ്ച ശിപാർശ ചെയ്തു. ഇത് യുദ്ധത്തിൽ തകർന്ന രാജ്യത്തിന് അംഗത്വത്തിലേക്കുള്ള നീണ്ട നടപടിയുടെ ആദ്യപടിയാണ്. 23, 24 തീയതികളിൽ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂനിയന്റെ എക്സിക്യൂട്ടിവ് വിഭാഗത്തിന്റെ ശിപാർശ 27 രാജ്യങ്ങളുടെ നേതാക്കൾ ചർച്ച ചെയ്യും. പ്രവേശന ചർച്ചകൾ ആരംഭിക്കാൻ എല്ലാ അംഗരാജ്യങ്ങളുടെയും അംഗീകാരം ആവശ്യമാണ്. മോൾഡോവക്കും അംഗത്വം നൽകാൻ ശിപാർശ ചെയ്തിട്ടുണ്ട്.
പ്രഖ്യാപനത്തെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയും മോൾഡോവൻ പ്രസിഡന്റ് മിയ സന്ദുവും സ്വാഗതംചെയ്തു. ''യൂറോപ്യൻ കാഴ്ചപ്പാടിനുവേണ്ടി മരിക്കാൻ യുക്രെയ്ൻകാർ തയാറാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അവർ ഞങ്ങളോടൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു'' -യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൺ ഡെർലെയ്ൻ പറഞ്ഞു.
അതിനിടെ, കരിങ്കടലിലെ തന്ത്രപ്രധാനമായ ദ്വീപിലേക്ക് വ്യോമപ്രതിരോധ സംവിധാനങ്ങളുമായി പോവുകയായിരുന്ന റഷ്യൻ ബോട്ടിനെ വെള്ളിയാഴ്ചയാണ് തകർത്തതെന്ന് യുക്രെയ്ൻ നാവികസേന അവകാശപ്പെട്ടു. കടൽപാതകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ സ്നേക്ക് ഐലൻഡിലേക്ക് വെടിമരുന്ന്, ആയുധങ്ങൾ, ഉദ്യോഗസ്ഥർ എന്നിവ കൊണ്ടുപോകാൻ ബോട്ട് ഉപയോഗിച്ചതായി നാവികസേന സോഷ്യൽ മീഡിയ പ്രസ്താവനയിൽ പറഞ്ഞു.
റഷ്യക്കെതിരെ പോരാടാൻ സഖ്യകക്ഷികളോട് കൂടുതൽ മികച്ച ആയുധങ്ങൾ എത്തിക്കാൻ യുക്രെയ്ൻ അഭ്യർഥിച്ചു. വ്യാഴാഴ്ച യുക്രെയ്ൻ സന്ദർശിച്ച നാല് യൂറോപ്യൻ യൂനിയൻ നേതാക്കൾ കിയവിന്റെ യൂറോപ്യൻ യൂനിയൻ അംഗത്വത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പ്രക്രിയക്ക് വർഷങ്ങളെടുക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.