യൂറോപ്യൻ യൂനിയനിൽ അംഗത്വം നൽകണമെന്ന് യുക്രെയ്ൻ
text_fieldsബ്രസൽസ്: യൂറോപ്യൻ യൂനിയനിൽ അംഗത്വം നൽകണമെന്ന് യുക്രെയ്ൻ. യുക്രെയ്ൻ ഇല്ലാതെ യൂറോപ്യൻ യൂനിയൻ പൂർണമാകില്ലെന്നും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. റഷ്യയുമായി കടുത്ത പോരാട്ടം തുടരുന്നതിനിടെ യൂറോപ്യൻ സന്ദർശനത്തിനെത്തിയ സെലൻസ്കി യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
ബ്രിട്ടനും ഫ്രാൻസും സന്ദർശിച്ച ശേഷമാണ് ബ്രസൽസിലെ യൂറോപ്യൻ യൂനിയൻ ആസ്ഥാനത്തെത്തിയത്. റഷ്യയുമായുള്ള യുദ്ധം വിജയിച്ചാൽ യുക്രെയ്ൻ സ്വാഭാവികമായും യൂറോപ്യൻ യൂനിയൻ അംഗമാകും. യൂറോപ്യൻ ജീവിതരീതി ഇല്ലാതാക്കാനാണ് റഷ്യൻ ശ്രമം. ഇതിനെ ചെറുത്തുതോൽപിക്കുകയാണ് തന്റെ രാജ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധ വിമാനങ്ങളും ദീർഘദൂര മിസൈലുകളും അംഗരാജ്യങ്ങൾ എത്രയും വേഗം യുക്രെയ്ന് ലഭ്യമാക്കണമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോള അഭ്യർഥിച്ചു. 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷമാകാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെയാണ് സെലൻസ്കി ബുധനാഴ്ച ബ്രിട്ടനിലെത്തിയത്.
വ്യാഴാഴ്ച ഫ്രാൻസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ കണ്ട ശേഷം അദ്ദേഹത്തോടൊപ്പമാണ് ബ്രസൽസിലെത്തിയത്. യുദ്ധ വിമാനങ്ങൾ, പൈലറ്റുമാരുടെ പരിശീലനം, ടാങ്കുകൾ, ദീർഘ ദൂര മിസൈലുകൾ തുടങ്ങിയവ എത്രയും വേഗം തന്റെ സൈന്യത്തിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യൂറോപ്യൻ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.