'ഒരു അന്ത്യശാസനവും വിലപ്പോവില്ല'; ഉപാധികൾ അംഗീകരിച്ചാൽ യുക്രെയ്നുമായി യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യ
text_fieldsമോസ്കോ: റഷ്യ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിച്ചാൽ യുക്രെയ്നുമായി യുദ്ധം അവസാനിപ്പിക്കാമെന്ന് വിദേശകാര്യ സഹമന്ത്രി സെർജി റയാബ്കോവ്.
ഉപാധികൾ എത്രയും വേഗം യു.എസും സഖ്യകക്ഷികളും അംഗീകരിക്കുന്നവോ അത്രയും വേഗം വെടിനിർത്തലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റയാബ്കോവ്.
റഷ്യൻ താൽപര്യം സംരക്ഷിക്കുന്ന വെടിനിർത്തൽ നിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഏറ്റുമുട്ടലിന്റെ അടിസ്ഥാന കാരണവും യാഥാർഥ്യവും അംഗീകരിക്കേണ്ടതുണ്ട്. റഷ്യക്കുമേൽ ഒരു അന്ത്യശാസനവും വിലപ്പോവില്ലെന്നും റയാബ്കോവ് പറഞ്ഞു. റഷ്യയുമായി ചർച്ചക്ക് താൽപര്യം പ്രകടിപ്പിച്ച ട്രംപിനെ അദ്ദേഹം പ്രശംസിച്ചു. ചർച്ചക്ക് റഷ്യയും തയാറാണെന്ന് റയാബ്കോവ് കൂട്ടിച്ചേർത്തു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി തയാറാക്കുന്നതായി യുക്രെയ്നും റഷ്യക്കും വേണ്ടിയുള്ള പ്രത്യേക യു.എസ് പ്രതിനിധി കെയ്ത് കെല്ലോഗ് അറിയിച്ചു.
നാറ്റോ സഖ്യത്തിലെ എല്ലാ അംഗരാജ്യങ്ങളുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സെമഫോർ വാർത്ത പോർട്ടൽ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ വർഷം ജൂണിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉപാധികൾ അവതരിപ്പിച്ചത്.
നാറ്റോ സഖ്യത്തിൽ അംഗമാകാനുള്ള പദ്ധതി യുക്രെയ്ൻ അവസാനിപ്പിക്കണം, റഷ്യ നിയന്ത്രിക്കുന്ന നാല് മേഖലകളിൽനിന്ന് യുക്രെയ്ൻ സൈന്യത്തെ പൂർണമായും പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പുടിൻ മുന്നോട്ടുവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.