യുക്രെയ്ൻ യുദ്ധം നീണ്ടുപോകാമെന്ന് പുടിൻ
text_fieldsമോസ്കോ: യുക്രെയ്ൻ യുദ്ധം നീണ്ടുപോകാനിടയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മൂന്നുലക്ഷം റിസർവ് സേനയെ വിളിപ്പിച്ചതിൽ പകുതിപേരെ മാത്രമേ യുക്രെയ്നിൽ വിന്യസിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ പരിശീലന കേന്ദ്രത്തിലാണ്. തൽക്കാലം കൂടുതൽ പേരെ സൈന്യത്തിലെടുക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ ആണവായുധം ഉപയോഗിക്കാനിടയുണ്ടെന്ന അമേരിക്കൻ ആരോപണം പുടിൻ നിഷേധിച്ചു. ഏറ്റവും ശക്തവും ആധുനികവുമായ ആണവായുധങ്ങൾ റഷ്യക്ക് സ്വന്തമായുണ്ട്. എന്നാൽ, പ്രത്യാഘാതം പരിഗണിക്കാതെ ഭ്രാന്തമായി ആണവായുധം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പുടിൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ മുതൽ യുക്രെയ്ൻ ഭാഗത്തുനിന്ന് റഷ്യ കനത്ത തിരിച്ചടി നേരിടുന്നുണ്ട്. വിജയത്തിനായി ഏതറ്റം വരെയും പോകുമെന്ന് നേരത്തെ പുടിൻ പറഞ്ഞത് ആണവായുധ പ്രയോഗത്തിലേക്കുള്ള സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ യൂറോപ്യൻ കമീഷൻ റഷ്യക്കെതിരെ പുതിയ ഉപരോധ നിർദേശം മുന്നോട്ടുവെച്ചു. 200ലേറെ വ്യക്തികളും സ്ഥാപനങ്ങളുമാണ് ഉപരോധ പരിധിയിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.