യുക്രെയ്ൻ അധിനിവേശം രണ്ടാം വർഷത്തിലേക്ക്
text_fieldsമോസ്കോ/കിയവ്: പതിനായിരങ്ങളുടെ മരണത്തിനും ഒന്നര ക്കോടി പേരുടെ അഭയാർഥിത്വത്തിനും കാരണമായ യുക്രെയ്നിലെ റഷ്യൻ അധിനിവേശം രണ്ടാം വർഷത്തിലേക്ക്. 2022 ഫെബ്രുവരി 24ന് പുലർച്ചെ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ അടക്കം ആക്രമണം നടത്തിയാണ് റഷ്യ അധിനിവേശത്തിന് തുടക്കമിട്ടത്. ഒരു വർഷം പിന്നിട്ടപ്പോൾ ഇരുഭാഗത്തുമായി സാധാരണക്കാരും സൈനികരും അടക്കം ഒരു ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്ക്. സംഘർഷം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭ അടക്കം നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
ദിവസങ്ങൾ മുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടത്തിയ സന്ദർശനവും നാറ്റോ സഖ്യരാജ്യത്തലവൻമാരുമായി ചേർന്ന് യുക്രെയ്ന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചതും മറുപടിയായി അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയിൽ നിന്ന് റഷ്യ പിന്മാറിയതും സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്. യുക്രെയ്നിന്റെ കിഴക്കൻ, തെക്കൻ മേഖലകളിലാണ് ഇപ്പോൾ ആക്രമണം രൂക്ഷം. യുക്രെയ്ന് യുദ്ധവിമാനങ്ങളും ടാങ്കുകളുമടക്കം നൽകാനുള്ള ശ്രമത്തിലാണ് അമേരിക്കയും ജർമനിയും ബ്രിട്ടനും ഫ്രാൻസും. ഭൂഖണ്ഡാനന്തര മിസൈൽ പദ്ധതി അടക്കം പുനരാരംഭിക്കുമെന്ന പ്രഖ്യാപനം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും നടത്തിയിട്ടുണ്ട്.
യുക്രെയ്നും റഷ്യക്കുമൊപ്പം ലോകമാകമാനം യുദ്ധത്തിന്റെ പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ കടുത്ത ഊർജ പ്രതിസന്ധിയിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും വികസിത രാജ്യങ്ങളെ അടക്കം വീർപ്പുമുട്ടിക്കുന്നു. യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യ എണ്ണ, ധാന്യ വർഗങ്ങൾ, വളം, സ്റ്റീൽ എന്നിവയുടെ കയറ്റുമതി തടസ്സപ്പെട്ടത് വിലക്കയറ്റത്തിനും കാരണമാകുന്നു.
3600ഓളം മലയാളികൾ അടക്കം 22,500 ഇന്ത്യൻ വിദ്യാർഥികളാണ് യുദ്ധം ആരംഭിച്ചയുടൻ യുക്രെയ്നിൽ നിന്ന് മടങ്ങിയത്. ഇവരിൽ ബഹുഭൂരിഭാഗം പേരും തുടർപഠനം സംബന്ധിച്ച് ആശങ്കയിലാണ്. വളരെ കുറച്ച് പേർ യുക്രെയ്നിലേക്ക് മടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.