യുക്രെയ്ൻ നഗരത്തിലൂടെ കാറോടിച്ച് പുടിൻ; അപ്രതീക്ഷിത സന്ദർശനം
text_fieldsകിയവ്: റഷ്യൻ സൈന്യം പിടിച്ചെടുത്ത യുക്രെയ്നിയൻ തുറമുഖ നഗരമായ മരിയുപോളിൽ അപ്രതീക്ഷിത സന്ദർശനവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യൻ പ്രസിഡന്‍റ് യുക്രെയ്ൻ സന്ദർശിക്കുന്നത്. കഴിഞ്ഞ മേയ് മുതൽ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിലാണ്.
ഹെലികോപ്ടറിലാണ് പുടിൻ എത്തിയതെന്നും നിരവധി ജില്ലകളിൽ സന്ദർശനം നടത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലൂടെ പുടിൻ കാറിൽ സഞ്ചരിക്കുന്നത് ഉൾപ്പെടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടായിരുന്നു സന്ദർശനമെന്ന് ക്രെംലിൻ വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം.
ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടം നടന്ന നഗരങ്ങളിലൊന്നാണ് റഷ്യയോട് ചേർന്നുള്ള ഡോൺട്സ്ക് മേഖലയിലെ മരിയുപോൾ. 20,000ത്തോളം പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്. 90 ശതമാനം കെട്ടിടങ്ങളും തകർന്നുവെന്നും മൂന്നര ലക്ഷത്തോളം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നുവെന്നുമാണ് കണക്ക്. തകർന്ന മേഖലയിൽ റഷ്യ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പുടിൻ ക്രൈമിയ മേഖലയിലും സന്ദർശനം നടത്തിയിരുന്നു. യുക്രെയ്നിൽ നിന്ന് ഒമ്പതുവർഷം മുമ്പ് റഷ്യയോട് കൂട്ടിച്ചേർത്ത തന്ത്രപ്രധാനമായ തീരനഗരമാണ് ക്രൈമിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.