യുക്രെയ്നിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രം റഷ്യ തകർത്തു
text_fieldsകിയവ്: യുക്രെയ്നിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പോളണ്ട് അതിർത്തിക്കു സമീപം, പടിഞ്ഞാറൻ നഗരമായ ലിവിവിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രമാണ് തകർന്നത്. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും സിറ്റി മേയർ അറിയിച്ചു. പഴയ യുദ്ധവിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തിയിരുന്നത് ഇവിടെയായിരുന്നു. കരിങ്കടലിൽ നിന്നാണ് മിസൈൽ തൊടുത്തതെന്ന് യുക്രെയ്ൻ വ്യോമസേന പറഞ്ഞു.
നിരവധി മിസൈലുകൾ സൈന്യം വെടിവെച്ചു വീഴ്ത്തി. അതേസമയം, റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ ഇതുവരെ 819 സിവിലിയന്മാർ കൊല്ലപ്പെട്ടതായും 1,333 പേർക്ക് പരിക്കേറ്റതായും യു.എൻ അറിയിച്ചു. യുക്രെയ്നിലെ മറ്റ് നഗരങ്ങൾ കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയപ്പോൾ ജനങ്ങൾ കൂട്ടമായി അഭയം തേടിയ നഗരമായിരുന്നു ലിവിവ്. പോളണ്ട് അതിർത്തിക്കടുത്ത യറോവിവ് സൈനിക കേന്ദ്രം തകർക്കാൻ ഞായറാഴ്ച മുതൽ റഷ്യ ശ്രമം നടത്തുകയാണ്.
യുദ്ധമുഖത്ത് നിന്ന് പലായനം ചെയ്ത 20 ലക്ഷം ആളുകൾ പോളണ്ടിൽ അഭയം തേടിയതായി പോളിഷ് അതിർത്തി സുരക്ഷ സേന ഏജൻസി വ്യക്തമാക്കി. അതിനിടെ, റഷ്യ ബോംബിട്ട് തകർത്ത മരിയുപോളിലെ തിയേറ്റർ സമുച്ചയത്തിന്റെ അടിത്തട്ടിൽ കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തി. അഭയം തേടിയ ആയിരങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നതിന്റെയും കണക്കുകൾ ലഭ്യമല്ല. തിയറ്ററിന്റെ 80 ശതമാനവും ആക്രമണത്തിൽ തകർന്നിരുന്നു. എത്രയും പെട്ടെന്ന് തിയറ്റർ നവീകരിക്കാമെന്ന് ഇറ്റാലിയൻ സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്.
കിയവിലും ഖാർക്കിവിലും ക്രമതോർസ്കിലും ആക്രമണം രൂക്ഷമാണ്. ഒരു ഭാഗം മാത്രം കേന്ദ്രീകരിച്ചുള്ള ആക്രമണമെന്ന തന്ത്രം ഒഴിവാക്കി ഒരേസമയം, കൂടുതൽ യുക്രെയ്ൻ നഗരങ്ങളിൽ ബോംബിടുകയാണ് റഷ്യ. ഖാർക്കിവിൽ ഒരാളും ക്രമതോർസ്കിൽ രണ്ടുപേരും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.