യുക്രെയ്ൻ യുദ്ധം:റഷ്യൻ സേനയിൽ പടക്കോപ്പുകളുടെ ക്ഷാമം
text_fieldsമോസ്കോ: യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ കൂടുതൽ ആയുധങ്ങളും പടക്കോപ്പുകളും താമസമില്ലാതെ എത്തിക്കാൻ ഉദ്യോഗസ്ഥതലത്തിലുള്ള അലസത മറികടന്നുള്ള നടപടിയുണ്ടാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഭരണസംവിധാനത്തോട് ആവശ്യപ്പെട്ടു. റഷ്യൻ സൈന്യത്തിനാവശ്യമായ സാധനങ്ങളുടെ നിർമാണത്തിലുണ്ടായ മെല്ലെപ്പോക്ക് സൈനിക നടപടികളെ ബാധിക്കുന്നതായാണ് റിപ്പോർട്ട്. റഷ്യക്ക് യുക്രെയ്നിൽ പലയിടത്തും കനത്ത തിരിച്ചടികളും നേരിടേണ്ടിവന്നിട്ടുണ്ട്. എട്ടുമാസമായി തുടരുന്ന യുദ്ധത്തിൽ റഷ്യ നേരിടുന്ന യുദ്ധക്കോപ്പുകളുടെ ക്ഷാമം പരിഹരിക്കാനായി പുടിൻ പുതിയ സംവിധാനമൊരുക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായുള്ള സമിതിയുടെ യോഗം കഴിഞ്ഞ ദിവസം പുടിന്റെ അധ്യക്ഷതയിൽ നടന്നു.
എല്ലാ യുദ്ധമേഖലകളിലും നടപടികളുടെ വേഗം വർധിപ്പിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടു. സേനാംഗങ്ങളിൽ പലർക്കും മെഡിക്കൽ കിറ്റുപോലുള്ള പല അടിസ്ഥാന വസ്തുക്കളും കിട്ടിയിട്ടില്ലെന്ന് റഷ്യൻ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ, സൈനികരുടെ മനോവീര്യം വർധിപ്പിക്കാനായി കഴിഞ്ഞയാഴ്ച പുടിൻ സൈനിക പരിശീലനകേന്ദ്രത്തിലെത്തിയിരുന്നു.
പഴകിയ ആയുധങ്ങൾ ഉപയോഗിക്കാൻ സേന നിർബന്ധിതമാകുന്നു, ആയുധം ഉപയോഗിക്കാനുള്ള പരിശീലനക്കുറവ് യുദ്ധമുഖത്ത് പ്രതിസന്ധിയുണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങളും റഷ്യൻ സൈനികർ അനുഭവിക്കേണ്ടി വരുന്നുണ്ട്. എന്നാൽ, ഇതിനിടയിലും യുക്രെയ്നിലുടനീളം വ്യാപക നാശം വിതക്കാൻ റഷ്യൻ സേനക്കായിട്ടുണ്ട്.
മിക്ക യുക്രെയ്ൻ നഗരങ്ങളിലും പൊതുകെട്ടിടങ്ങളും വൈദ്യുതി യൂനിറ്റുകളും പാലങ്ങളും തകർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.