യുക്രെയ്ൻ: റഷ്യക്കെതിരെ ലോകരാജ്യങ്ങൾ
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ അധിനിവേശത്തിനൊരുങ്ങുന്ന റഷ്യക്കെതിരെ കടുത്ത വിയോജിപ്പും എതിർപ്പും അറിയിച്ച് ലോകരാജ്യങ്ങൾ. യു.എസും ബ്രിട്ടനും യൂറോപ്യൻ യൂനിയനും കടുത്ത ഉപരോധ നടപടികളിലൂടെ പ്രതികരിച്ചപ്പോൾ മറ്റ് രാജ്യങ്ങളും എതിർപ്പുമായി രംഗത്തു വന്നു. റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ മോസ്ക്കോ സ്ഥാനപതിയെ വിളിച്ചു വരുത്തിയതായി ആസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മർ പറഞ്ഞു.
യുക്രെയ്നിലെ രണ്ട് പ്രവിശ്യകളെ പുടിൻ അംഗീകരിച്ചത് അസ്വീകാര്യമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടപടിയെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു. ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവ റഷ്യൻ നടപടിയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. റഷ്യ മിൻസ്ക് കരാർ കീറിയെറിഞ്ഞിരിക്കുകയാണെന്ന് എസ്തോണിയൻ പ്രസിഡന്റ് അലർ കാരിസ് പറഞ്ഞു. ലാത്വിയൻ പാർലമെന്റ് റഷ്യൻ നടപടിയെ അപലപിച്ച് പ്രമേയം പാസാക്കി. റഷ്യയുടെ നീക്കം അധിനിവേശമല്ലാതെ മറ്റൊന്നുമല്ലെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെവ്സ് ലെ ഡ്രിയാൻ റഷ്യൻ നീക്കത്തെ അതിശക്തമായി എതിർത്തു.
സ്വീഡിഷ് വിദേശകാര്യമന്ത്രി ആൻ ലിൻഡെ, ഡെന്മാർക്ക് വിദേശമന്ത്രി ജെപ്പ് കൊഫോഡ് എന്നിവരും റഷ്യക്കെതിരെ രംഗത്തു വന്നു. യൂറോപ്യൻ യൂനിയന്റെ (ഇ.യു)തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റൊ പറഞ്ഞു. റഷ്യൻ തീരുമാനം മിൻസ്ക് കരാറിനെതിരാണെന്ന് ഇ.യു അംഗമല്ലാത്ത നോർവേ പ്രതികരിച്ചു. അതേസമയം, ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതി വിമതർ റഷ്യൻ നടപടിയെ സ്വാഗതം ചെയ്തു.
വിമത സൈനികരുടെ സേനാധിപനായ മുഹമ്മദ് അലി അൽഹൂതിയാണ് റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ചത്. സിറിയ റഷ്യയെ പിന്തുണച്ചു. മോണ്ടിനെഗ്രോ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ നടപടിയെ എതിർത്തു. സിറിയ റഷ്യയെ പിന്തുണച്ചു. മോണ്ടിനെഗ്രോ, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ നടപടിയെ എതിർത്തു. ലോകത്തെ വൻ സാമ്പത്തിക ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി ഏഴും റഷ്യൻ നീക്കത്തെ എതിർത്തു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പിന്തുണയും പുടിന് ലഭിച്ചില്ല.
തന്ത്രപരമായ നിലപാടിൽ ചൈന
ബെയ്ജിങ്: റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് നീങ്ങവേ തന്ത്രപരമായ നിലപാട് സ്വീകരിച്ച് 'ഉറ്റ ചങ്ങാതി' ചൈന. വിഷയത്തിൽ നേരിട്ട് പ്രതികരിക്കാതെ പരോക്ഷമായി റഷ്യയെ പിന്തുണക്കുകയാണ് ചൈന ചെയ്തത്. റഷ്യയുടെ ന്യായമായ സുരക്ഷ ആശങ്കകൾ പരിഗണിക്കണമെന്ന് പറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, യുക്രെയ്നിലെ രണ്ട് പ്രവിശ്യകൾക്ക് റഷ്യ സ്വതന്ത്രപദവി നൽകിയതിനെപ്പറ്റിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ഫോൺ സംഭാഷണത്തിൽ യു.എൻ ചാർട്ടറിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും വാങ് യി പ്രതികരിച്ചു. മിൻസ്ക് കരാർ നടപ്പാക്കാൻ വൈകിയതാണ് യുക്രെയ്ൻ പ്രശ്നത്തിന് കാരണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.