യുദ്ധം പദ്ധതി പ്രകാരം മുന്നോട്ട് പോകുന്നെന്ന പുടിന്‍റെ അവകാശവാദത്തെ പരിഹസിച്ച് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നെതിരായ യുദ്ധം പദ്ധതികൾ പ്രകാരം നല്ലരീതിയിൽ നടക്കുന്നുണ്ടെന്ന റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ അവകാശവാദത്തിനെതിരെ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ഇത്രയധികം റഷ്യൻ സൈനികർ മരിക്കുന്ന ഒരു പദ്ധതിയെ എങ്ങനെയാണ് പുടിന് അംഗീകാരം നൽകാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അധിനിവേശത്തിൽ റഷ്യ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കുമെന്നും യുക്രെയ്നിലേത് റഷ്യയുടെ പ്രത്യേക സൈനിക നടപടിയാണെന്ന് വിശേഷിപ്പിക്കുന്നത് തുടരുമെന്നും പുടിൻ ആവർത്തിച്ചിരുന്നു.
സംഘർഷം ആരംഭിച്ചതിന് ശേഷം 1,351റഷ്യൻ സൈനികർ കൊല്ലപ്പെട്ടന്നാണ് റഷ്യ മാർച്ച് 25 ന് പുറത്തുവിട്ട കണക്ക്. എന്നാൽ യഥാർഥ കണക്ക് 20,000-ന് അടുത്താണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്നിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി പദ്ധതികൾ പ്രകാരം നന്നായി മുന്നോട്ട് പോകുന്നതായി പുടിൻ പറയുന്നു.എന്നാൽ ഇത്തരമൊരു പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് ലോകത്താർക്കും മനസിലാകുന്നില്ലെന്ന് സെലൻസ്കി പരിഹസിച്ചു. "ഒരു മാസത്തെ യുദ്ധത്തിനിടെ പതിനായിരക്കണക്കിന് സ്വന്തം സൈനികർ മരണപ്പെടുന്ന ഒരു പദ്ധതി എങ്ങനെ വന്നു? അത്തരമൊരു പദ്ധതിയെ ആർക്കാണ് അംഗീകരിക്കാൻ കഴിയുക?"- സെലൻസ്കി ചോദിച്ചു.
1979 മുതൽ 1989 വരെയുള്ള 10 വർഷം നീണ്ടുനിന്ന അഫ്ഗാൻ യുദ്ധത്തേക്കാൾ കൂടുതൽ സൈനികരെയാണ് യുദ്ധം ആരംഭിച്ച് 48 ദിവസത്തിനുള്ളിൽ റഷ്യക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈനികർ ആരും തന്നെ നിരാശരല്ലെന്ന് അവരുടെ സൈനിക നീക്കത്തെ കളിയാക്കിയവർക്കെതിരെ സെലൻസ്കി പറഞ്ഞു. എല്ലാ ശത്രു സൈനികരും യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോട്ടില്ലെന്നും അവരെല്ലാം ആയുധങ്ങൾ ശരിയായി പിടിക്കാൻ അറിയാത്തവരെല്ലന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. "ഇതിനർഥം നമ്മൾ അവരെ ഭയപ്പെടണമെന്നല്ല. നമ്മുടെ സൈന്യത്തിന്റെ നേട്ടങ്ങൾ കുറക്കരുത് എന്നാണ്"- സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.