റഷ്യൻസേന ഖാർകിവിൽ സ്ഥാപിച്ച കുഴിബോംബുകൾ യുക്രെയ്ൻ നീക്കി തുടങ്ങി
text_fieldsഖാർകിവ്: യുക്രെയ്നിലെ വടക്ക് കിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യൻ സേന വ്യാപകമായി കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ആളുകളോട് പ്രദേശത്തേക്ക് അടുക്കരുതെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. ഖാർകിവിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ സുരക്ഷസേന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന പാർപ്പിടങ്ങളും തെരുവുകളിലും പരിശോധന നടത്തി കുഴിബോംബുകൾ നീക്കം ചെയ്ത് തുടങ്ങിയതായി യുക്രെയ്ൻ അറിയിച്ചു.
ടൈമറുകൾ ഉപയോഗിച്ച് പൊട്ടിത്തെറിക്കുന്ന പ്ലാസ്റ്റിക് പി.ടി.എം-1എം മൈനുകളാണ് പ്രദേശത്ത് സ്ഥാപിച്ചതെന്ന് കുഴിബോംബുകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകുന്ന ലെഫ്റ്റനന്റ് കേണൽ നിക്കോളായ് ഒവ്ചാരുക്ക് പറഞ്ഞു. അഫ്ഗാനിൽ സോവിയറ്റ് സേന ഇത്തരം സ്ഫോടക വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവയിൽ സ്വയം പൊട്ടിതെറിക്കുന്നതിന് സഹായിക്കുന്നവിധം ടൈമറുകൾ ഉണ്ടെന്നും അതിനാൽ സുരക്ഷസേന ബോംബുകൾ നീക്കം ചെയ്യുന്നത് വരെ സ്ഥലത്തേക്ക് ആരും പ്രവേശിക്കരുതെന്നും ഉച്ചഭാഷിണികൾ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.
പി.ടി.എം-1എം പോലുള്ള കുഴിബോംബുകൾ സാധാരണക്കാരുടെ ജീവന് അപകടമുണ്ടാക്കുന്നതിനാൽ നേരത്തെ തന്നെ നിരോധിച്ചതാണ്. അതേസമയം ഖാർകിവിൽ റഷ്യൻ സേന പാരച്യൂട്ട് ബോംബുകൾ ഉപയോഗിക്കുന്നതായി യുക്രെയ്ൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ സിവിലിയൻമാരെ തങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന നിലപാട് റഷ്യ വീണ്ടും ആവർത്തിച്ചു. യുക്രെയ്നിലേത് പ്രത്യേക നടപടിയാണെന്ന് അവകാശപ്പെട്ട് യുദ്ധകുറ്റങ്ങൾ ചെയ്തെന്ന ആരോപണങ്ങളെ റഷ്യ പൂർണമായി തള്ളികളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.