റഷ്യൻ സൈന്യം ബാലാത്സംഗം ചെയ്യുമെന്ന് ഭയം; മുടി ചെറുതാക്കി മുറിച്ച് യുക്രെയ്ൻ പെൺകുട്ടികൾ
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യ അന്താരാഷ്ട്ര യുദ്ധനിയമങ്ങൾക്ക് വിരുദ്ധമായ കുറ്റങ്ങൾ ചെയ്തെന്ന ആരോപണം ശക്തമാണ്. ഇത് ശരിവെക്കുന്ന തരത്തിൽ നിരവധി തെളിവുകളും പുറത്തുവരുന്നുണ്ട്. ലോക രാജ്യങ്ങൾ റഷ്യക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തു.
റഷ്യൻ സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങളിലെ യുവതികളെ ബാലാത്സംഗം ചെയ്തെന്നും യുവാക്കളെ ക്രൂരമായി കൊലപ്പെടുത്തിയെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചിരുന്നു. റഷ്യൻ സൈന്യം ബാലാത്സംഗം ചെയ്യുമെന്ന് ഭയന്ന പെൺകുട്ടികൾ അവരുടെ കണ്ണിൽനിന്ന് രക്ഷപ്പെടാൻ മുടികൾ ചെറുതാക്കി മുറിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
തലസ്ഥാനമായ കിയവ് നഗരത്തിൽനിന്ന് 50 മൈൽ അകലെയുള്ള ഇവാൻകിവ് ടൗണിലെ പെൺകുട്ടികളാണ് മുടി ചെറുതാക്കി മുറിച്ചത്. ഡെപ്യൂട്ടി മേയർ മരീന ബെസ്ചാസ്റ്റനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാസത്തോളം റഷ്യൻ നിയന്ത്രണത്തിലായിരുന്ന ഇവാൻകിവ് ടൗൺ മാർച്ച് 30നാണ് യുക്രെയ്ൻ തിരിച്ചുപിടിച്ചത്.
ബേസ്മെന്‍റുകളിൽ കഴിഞ്ഞിരുന്ന യുക്രെയ്ൻ യുവതികളോട് ക്രൂരമായാണ് റഷ്യൻ സൈന്യം പെരുമാറിയതെന്ന് ഡെപ്യൂട്ടി മേയർ പറയുന്നു. ബേസ്മെന്‍റുകളിൽനിന്ന് യുവതികളുടെ മുറി പിടിച്ച് വലിച്ച് പുറത്തുകൊണ്ടുവന്ന് ക്രൂരമായ ആക്രമണങ്ങളാണ് നടത്തിയത്. തുടർന്നാണ് പെൺകുട്ടികൾ ആകർഷകത്വം കുറക്കാൻ വേണ്ടി മുടി ചെറുതായി മുറിക്കാൻ തുടങ്ങിയത്. മുടി മുറിച്ചാൽ ആരും അവരെ നോക്കില്ലെന്നും പീഡനങ്ങളിൽനിന്ന് രക്ഷപ്പെടാനാകുമെന്നും അവർ വിചാരിച്ചതായും മേയർ പറയുന്നു.
ക്രൂരമായി ബാലാത്സംഗത്തിനിരയായെന്ന ആരോപണവുമായി നിരവധി സ്ത്രീകൾ രംഗത്തുവന്നിരുന്നു. ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം തന്നെ സൈന്യം ബാലാത്സംഗം ചെയ്തെന്നും ഈ സമയം നാലു വയസ്സുള്ള തന്‍റെ മകൻ സമീപത്തിരുന്നു കരയുകയായിരുന്നുവെന്നും ഒരു യുവതി വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം യുക്രെയ്ൻ സൈന്യം കസ്റ്റഡിയിലെടുത്ത റഷ്യൻ സൈനികരെ വെടിവെച്ചു കൊല്ലുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.