ഖാർകിവിലെ ദെർഹാച്ചിയുടെ നിയന്ത്രണം യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചു
text_fieldsകിയവ്: യുക്രെയ്നിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത ദെർഹാച്ചി- ഖാർകിവ് മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ സൈന്യം. റഷ്യൻ സൈന്യം നഗരം വളയാൻ ശ്രമിച്ചെങ്കിലും ആക്രമണങ്ങളെ പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിഞ്ഞതായും യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.
റഷ്യൻ സൈന്യം നഗരം വളയാൻ ശ്രമിക്കുകയാണെന്ന് ഖാർകിവ് റീജണൽ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ മേധാവി ഒലെഹ് സിനെഗുബോവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ സൈന്യം കടുത്ത പ്രത്യാക്രമണങ്ങൾ നടത്തി റഷ്യൻ സേനയെ പിന്തിരിപ്പിച്ചതായി കിയവ് ഇൻഡിപെൻഡന്റ് എന്ന വാർത്താ ഏജൻസി ട്വീറ്റ് ചെയ്തു.
യുക്രെയ്നിൽ അതിശക്തമായ ആക്രമണങ്ങൾ നടക്കുന്ന സ്ഥലമാണ് ഖാർകിവ്. മാർച്ച് 8ന് ഖാർകിവിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഏഴ് വയസ്സുള്ള കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്ൻ, റഷ്യൻ വിദേശകാര്യമന്ത്രിമാർ ഇന്ന് തുർക്കിയിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവും തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലുട്ട് കാവുസോഗ്ലുവുമാണ് തെക്കൻ തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. നാറ്റോ അംഗമായ തുർക്കി റഷ്യക്കും യുക്രെയ്നും ഇടയിൽ മധ്യസ്ഥത വഹിക്കുമെന്ന് അറിയിച്ചു. ഇരുരാജ്യങ്ങളോടും നല്ല ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് തുർക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.