മക്കളുടെ ദേഹത്ത് ഫോൺ നമ്പർ എഴുതി അമ്മമാർ; യുക്രെയ്നിൽ നിന്ന് നോവുംകാഴ്ചകൾ
text_fieldsകിയവ്: ഏത് നേരവും കൊല്ലപ്പെടാമെന്ന ഭീതി, തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കളുടെ കാര്യമെന്താകുമെന്ന ആശങ്ക... ഒരു മാസത്തിലേറെയായി യുദ്ധഭൂമിയായ യുക്രെയ്നിലെ അമ്മമാരുടെ അവസ്ഥയാണിത്. റഷ്യൻ സേയുടെ ആക്രമണത്തിൽ തങ്ങൾ കൊല്ലപ്പെട്ടാൽ മക്കൾ അനാഥരാക്കപ്പെടാതിരിക്കാൻ ദേഹത്ത് വിവരങ്ങൾ എഴുതിപ്പിടിപ്പിക്കുകയാണ് യുക്രെയ്നിലെ അമ്മമാർ. മക്കളുടെ പേര്, ജന്മദിനം, ബന്ധപ്പെടേണ്ട കുടുംബക്കാരുടെ ഫോൺ നമ്പറുകൾ തുടങ്ങിയ വിവരങ്ങളാണ് കുഞ്ഞു ശരീരങ്ങളിൽ അമ്മമാർ എഴുതി ചേർത്തിരിക്കുന്നത്.
റഷ്യൻ ആക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ മക്കളെ തിരിച്ചറിയാനും രക്ഷപ്പെടുത്താനും ഇത് ഉപകാരപ്പെടുമെന്നാണ് അവരുടെ പ്രതീക്ഷ. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്ന ഇത്തരം നിരവധി നോവുംചിത്രങ്ങളാണ് യുക്രെയ്നിൽ നിന്ന് പുറത്തുവരുന്നത്.
'തങ്ങൾ കൊല്ലപ്പെടുകയും മക്കൾ രക്ഷപ്പെടുകയും ചെയ്താൽ അവർ സംരക്ഷിക്കപ്പെടുന്നതിന് മക്കളുടെ ദേഹത്ത് കുടുംബത്തിലെ ബന്ധപ്പെടേണ്ടവരുടെ നമ്പർ എഴുതി വെക്കുകയാണ് യുക്രെയ്നിലെ അമ്മമാർ. അപ്പോഴും എണ്ണയെ കുറിച്ചാണ് യൂറോപ്പിന്റെ ചർച്ച' -സ്വതന്ത്ര മാധ്യമപ്രവർത്തകയായ അനസ്തേസിയ ലപാറ്റിന ട്വിറ്ററിൽ കുറിച്ചു. ദേഹത്ത് വിവരങ്ങൾ എഴുതിച്ചേർച്ച ഒരു കുട്ടിയുടെ ചിത്രവും അവർ പങ്കുവെച്ചു.
'ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ സംരക്ഷിക്കാൻ ആരെങ്കിലും തയ്യാറാകണം' എന്ന അടിക്കുറിപ്പോടെ സാഷ മകോവി എന്ന യുക്രെയ്ൻ യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണിത്. തങ്ങളുടെ കുടുംബം ഇപ്പോൾ സുരക്ഷിതരാണെങ്കിലും ഭീതി അകന്നിട്ടില്ലെന്നാണ് ഈ അമ്മ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.