ഇസ്ലാം ഭീതിക്കെതിരെ യു.എന്നില് പ്രമേയം; ഇന്ത്യ വിട്ടുനിന്നു
text_fieldsയുനൈറ്റഡ് നാഷൻസ്: ഇസ്ലാം ഭീതിക്കെതിരെ യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോൾ ഇന്ത്യ വിട്ടുനിന്നു. മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ട് എന്നത് അംഗീകരിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ആവശ്യപ്പെട്ടു. 1.2 ബില്യണിലധികം അനുയായികളുള്ള ഹിന്ദുമതം, 535 ദശലക്ഷത്തിലധികം വരുന്ന ബുദ്ധമതം, ലോകമെമ്പാടുമുള്ള 30 ദശലക്ഷത്തിലധികം അനുയായികളുള്ള സിഖ് മതം എന്നിവയെല്ലാം മതപരമായ വിവേചനത്തിനും അക്രമങ്ങൾക്കും വിധേയമാകുന്നുണ്ട്.
അതിനാൽ ഇസ്ലാംഭീതി ചെറുക്കാൻ മാത്രം നടപടികൾ ഉണ്ടായാൽ വിവേചനം നേരിട്ടുവെന്ന് സമാന വെല്ലുവിളി നേരിടുന്ന മറ്റ് മതവിഭാഗങ്ങൾക്ക് തോന്നുമെന്നും രുചിക ചൂണ്ടിക്കാട്ടി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനുവേണ്ടി പാകിസ്താനാണ് പ്രമേയം അവതരിപ്പിച്ചത്. 115 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രെയ്ൻ, ബ്രിട്ടൻ ഉൾപ്പെടെ 44 രാജ്യങ്ങൾ വിട്ടുനിന്നു. ആരും എതിരായി വോട്ട് ചെയ്തില്ല.
ഇസ്ലാംഭീതിക്ക് അമേരിക്കയിൽ സ്ഥാനമില്ല -ബൈഡൻ
വാഷിങ്ടൺ: അമേരിക്കയിലെ മുസ്ലിംകൾക്ക് ദൈനംദിന ജീവിതത്തിൽ ഭയം, വിവേചനം, അക്രമങ്ങൾ എന്നിവ സഹിക്കേണ്ടിവരുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘മതവിശ്വാസത്തിന്റെ പേരിൽ ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ അനുദിനം നേരിടുന്ന ആക്രമണങ്ങളും വിദ്വേഷവും നാം തിരിച്ചറിയുന്നു.
ഒപ്പം വിനാശകരമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമോഫോബിയയുടെ വൃത്തികെട്ട പുനരുജ്ജീവനവും നാം കാണുന്നുണ്ട്. യഥാർഥത്തിൽ ഇസ്ലാമോഫോബിയക്ക് അമേരിക്കൻ മണ്ണിൽ ഒരു സ്ഥാനവുമില്ല’ -അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഫലസ്തീനിലെ ഇസ്രായേലിന്റെ വംശഹത്യക്കെതിരെ നിലപാട് സ്വീകരിക്കാതെ ബൈഡൻ ഇസ്ലാമോഫോബിയക്കെതിരെ പ്രസ്താവന നടത്തുന്നതിൽ അർഥമില്ലെന്ന് മുസ്ലിം സംഘടനകളും മനുഷ്യാവകാശ സംഘടനകളും വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.