മൃതദേഹങ്ങൾ തിന്ന് തടിച്ചു കൊഴുത്ത നായ്ക്കൾ; ഗസ്സയിലെ നടുക്കുന്ന കാഴ്ച വിവരിച്ച് യു.എൻ മാനുഷിക മേധാവി
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ മൃഗീയ കാഴ്ചയിൽ ചകിതനായി യു.എൻ സഹായ മേധാവി. യു.എന്നിന്റെ മാനുഷിക കാര്യ വിഭാഗത്തിന്റെ തലവനായ ടോം ഫ്ലെച്ചർ അടുത്തിടെ ഗസ്സ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചപ്പോഴാണ് മറഞ്ഞുകിടക്കുന്ന ക്രൂരതയുടെ ആഴം ലോകത്തിനു മുന്നിൽ വെളിപ്പെട്ടത്. ഭക്ഷണം കിട്ടാതെ മെലിഞ്ഞുണങ്ങിയ മനുഷ്യർക്കിടയിൽ തടിച്ചുകൊഴുത്ത നായ്ക്കൾ അലയുന്നത് കണ്ടപ്പോൾ തന്റെ അമ്പരപ്പ് കൂടെയുണ്ടായിരുന്നയാളോട് പങ്കുവെച്ച ഫ്ലെച്ചർ അതിന്റെ കാരണമറിഞ്ഞ് നടുങ്ങി.
‘ഞാൻ കരുതിയതിലും വളരെ വളരെ മോശമായിരുന്നു അത്. ഏറ്റവും മോശമായ അവസ്ഥക്ക് സാക്ഷ്യം വഹിക്കാൻ എന്നെത്തന്നെ തയ്യാറാക്കി. വഴികാട്ടാൻ ലാൻഡ്‌മാർക്കുകളൊന്നുമില്ലായിരുന്നു. സ്കൂൾ ഏതായിരുന്നു? ആശുപത്രി ഏതായിരുന്നു? വീടുകൾ എവിടെയായിരുന്നു എന്ന് തിരിച്ചറിയാനാവുന്നില്ല. ആദ്യം കണ്ട ഞെട്ടിക്കുന്ന കാഴ്ചകളിൽ ഒന്ന് നായ്ക്കൾ അവശിഷ്ടങ്ങൾക്കിടയിലൂടെ ഓടിപ്പോവുന്നതാണ്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനോട് ചോദിച്ചു? എന്തുകൊണ്ടാണ് നായ്ക്കൾ ഇത്ര തടിച്ചിരിക്കുന്നത്? കാരണമെന്തെന്നോ, നായ്ക്കൾ അവക്ക് തിന്നാനുള്ള മൃതദേഹങ്ങൾ തിരയുകയാണ്. ആളുകൾ മെലിഞ്ഞവരാണെന്നത് താങ്കൾ ശ്രദ്ധിച്ചില്ലേ? മൈലുകളോളം നിങ്ങൾക്കിത് കാണാൻ കഴിയും എന്നായിരുന്നു മറുപടി’യെന്ന്െഫ്ലച്ചറിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മാർച്ച് 12ന് നടന്ന പത്രസമ്മേളനത്തിൽ ടോം ഫ്ലെച്ചർ ഗസ്സലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള വേദനാജനകമായ വിശദാംശങ്ങൾ വെളിപ്പെടുത്തി. വടക്കൻ ഗസ്സയിലെ നാശം തെക്കൻ പ്രദേശത്തേക്കാൾ വലുതാണെന്നും പൂർണമായും തകർന്നടിഞ്ഞിരിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗസ്സയിൽ 50 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിക്കിടക്കുന്നു. 100 ട്രക്കുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷത്തിലധികം എടുക്കും. ഈ വംശഹത്യാ യുദ്ധത്തിൽ കൂടുതലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 48,500ലധികം ഫലസ്തീനികളെ ഇസ്രായേൽ കൊന്നൊടുക്കി.
ഹമാസുമായുള്ള വെടിനിർത്തൽ കരാറിനെച്ചൊല്ലിയുണ്ടായ സംഘർഷം ചൂണ്ടിക്കാട്ടി ഇസ്രായേൽ എല്ലാ സഹായ വിതരണങ്ങളും തടഞ്ഞപ്പോൾ കഴിഞ്ഞയാഴ്ച ഗസ്സയിലെ മാനുഷിക സ്ഥിതി കൂടുതൽ വഷളായി. അടച്ചുപൂട്ടൽ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിലകൾ അതിരൂക്ഷമായ നിലയിലേക്ക് ഉയർത്തി. പലരും നാമമാത്രമായ ഭക്ഷണത്തിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.
തുടർച്ചയായി 12 ദിവസമായി ഗസ്സയിലേക്ക് ഒരു സഹായവും ഇസ്രായേൽ അനുവദിച്ചിട്ടില്ലെന്ന് യു.എൻ പറയുന്നു. ഉപരോധത്തിന് മുമ്പ്, യു.എൻ അധികൃതർ 20,000ത്തിലധികം ട്രക്കുകൾ എത്തിച്ചിരുന്നു. പ്രതിദിനം ശരാശരി 600 മുതൽ 700 വരെ. സഹായം ആവശ്യമുള്ള 2 ദശലക്ഷം ആളുകൾക്ക് അവ വിതരണം ചെയ്തു.
ജനുവരി 19ന് ആരംഭിച്ച വെടിനിർത്തലിൽ ഏകദേശം 2,000 ഫലസ്തീൻ തടവുകാരെയും 33 ഇസ്രായേലി ബന്ദികളെയും അഞ്ച് തായ് പൗരന്മാരെയും പരസ്പരം കൈമാറി. എന്നാൽ, വെടിനിർത്തലിന്റെ 42 ദിവസത്തെ പ്രാരംഭഘട്ടം അവസാനിച്ചതോടെ രണ്ടാംഘട്ടം ആരംഭിക്കാൻ ഇസ്രായേൽ വിസമ്മതിച്ചതിനാൽ ചർച്ചകൾ സ്തംഭിച്ചു.
ഫെബ്രുവരിയിൽ ഗസ്സ മുനമ്പിനെ ‘മധ്യേഷ്യയിലെ റിവിയേര’ ആക്കി മാറ്റുന്നതിനുള്ള ഒരു വിവാദ പദ്ധതി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചു. ഗസ്സയുടെ മേലുള്ള യു.എസ് നിയന്ത്രണത്തിനും അതിലെ ഏകദേശം രണ്ട് ദശലക്ഷം ഫലസ്തീൻ നിവാസികളെയും അയൽ രാജ്യങ്ങളിലേക്ക് മാറ്റുന്ന സംരംഭമായിരുന്നു അത്. ശേഷം ട്രംപ് ആ നിർദേശത്തിൽനിന്ന് പിന്നോട്ട് പോയി. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇപ്പോൾ പറയുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേൽ നിലവിൽ വംശഹത്യാ കേസ് നേരിടുന്നുണ്ട്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ 2024 നവംബറിൽ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.