യുദ്ധഭീതിയിൽ പശ്ചിമേഷ്യ; അടിയന്തര യോഗം വിളിച്ച് യു.എൻ
text_fieldsന്യൂയോർക്ക്: ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തതോടെ യുദ്ധഭീതിയിൽ പശ്ചിമേഷ്യ. മിസൈൽ ആക്രമണം ഇറാൻ റെവലൂഷനറി ഗാർഡ്സും ഇസ്രായേൽ സേനയും സ്ഥിരീകരിച്ചു.
ആദ്യമായാണ് ഇസ്രായേലിനുനേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തുന്നത്. യു.എൻ സുരക്ഷ കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇരുരാജ്യങ്ങളും സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും യു.എൻ അഭ്യർഥിച്ചു. ഇസ്രായേലിന്‍റെ അഭ്യർഥനയെ തുടർന്നാണ് ഞായറാഴ്ച വൈകീട്ട് യോഗം ചേരുന്നതെന്ന് സുരക്ഷ കൗൺസിൽ പ്രസിഡന്‍റ് അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രത്യേക യോഗം വിളിച്ചുചേർത്തു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും നെതന്യാഹുവിനെ ഫോണിൽ വിളിച്ചു.
മിസൈൽ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) മുന്നറിയിപ്പ് നൽകി. ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്‍റെ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായി ഐ.ഡി.എഫ് അറിയിച്ചു. ഇറാൻ-ഇസ്രായേൽ തർക്കത്തിൽനിന്ന് യു.എസ് വിട്ടുനിൽക്കണമെന്ന് ഇറാൻ സൈന്യം ആവശ്യപ്പെട്ടു. യെമനിലെ ഹൂതി വിമതരും ലെബനനിലെ ഹിസ്ബുല്ലയും ഇസ്രായേലിനെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കിൽനിന്ന് ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.