ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ; ഇന്ത്യയടക്കം അനുകൂലിച്ചു
text_fieldsജനീവ: 14 മാസമായി ഇസ്രായേൽ തുടരുന്ന കണ്ണിൽച്ചോരയില്ലാത്ത വംശഹത്യ അവസാനിപ്പിക്കാൻ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ പൊതുസഭ. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം വൻ ഭൂരിപക്ഷത്തോടെ പൊതുസഭ അംഗീകരിച്ചു.
193 അംഗങ്ങളുള്ള പൊതുസഭയിൽ ഇന്ത്യയടക്കം 158 രാജ്യങ്ങൾ വെടിനിർത്തലിനെ അനുകൂലിച്ചു. ഒമ്പത് രാജ്യങ്ങൾ എതിർത്തു. 13 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇസ്രായേൽ വിലക്കിയ യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഗസ്സയിലെ സഹായ പ്രവർത്തനത്തെ പിന്തുണച്ചു പ്രമേയത്തെ അനുകൂലിച്ച് 159 രാജ്യങ്ങൾ വോട്ട് ചെയ്തു. ഒമ്പത് അംഗങ്ങൾ എതിർത്തു. രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്.
ഗസ്സയിൽ പരക്കെ വ്യോമാക്രമണം; കുട്ടികളടക്കം 28 മരണം
ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ പരക്കെ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. അഞ്ചോളം വ്യത്യസ്ത ആക്രമണങ്ങളിൽ ഏഴ് കുട്ടികളടക്കം 28 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായിരുന്നു ആക്രമണം. നുസൈറത്ത് അഭയാർഥി ക്യാമ്പിലെ ഒരു ഭവന സമുച്ചയം ബോംബിട്ട് പൂർണമായും തകർത്തതായി ദൈർ അൽബലഹിലെ അൽഅഖ്സ ആശുപത്രി അധികൃതർ അറിയിച്ചു.
സഹായം വിതരണം ചെയ്യുന്നവർക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ടവർക്ക് നേരെയുണ്ടായ മറ്റു രണ്ട് ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. തെക്കൻ മേഖലയിലെ റഫ അതിർത്തിയിലെ ആക്രമണത്തിൽ എട്ടുപേരും ഖാൻ യൂനുസിലെ ആക്രമണത്തിൽ ഏഴുപേരുമാണ് കൊല്ലപ്പെട്ടതെന്ന് നാസർ ആശുപത്രി അധികൃതർ അറിയിച്ചു. അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ബസിനു നേരെയുണ്ടായ വെടിവെപ്പിൽ 12കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജറൂസലമിലെ ഹദസ്സ ആശുപത്രി വക്താവ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.