സുമിയിലെ സാധാരണക്കാരെ ഒഴിപ്പിക്കാൻ പോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കണമെന്ന് യു.എൻ
text_fieldsറഷ്യൻ അധിനിവേശം രൂക്ഷമായ യുക്രെയ്നിലെ ഖാർകിവ്, സുമി തുടങ്ങിയ പ്രദേശങ്ങളിലകപ്പെട്ട സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് പോരാട്ടം താൽക്കാലികമായി നിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
മരിയുപോൾ, ഖാർകിവ്, സുമി തുടങ്ങിയ പ്രദേശങ്ങളുൾപ്പടെ സംഘർഷം രൂക്ഷമായിട്ടുള്ള മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും സിവിലിയൻമാരെ സുരക്ഷിതമായി കടന്ന് പോവാൻ അനുവദിക്കുന്നതിനും ജീവൻ രക്ഷാ സഹായങ്ങൾ ലഭ്യമാക്കുന്നതിനും യുക്രെയ്നിലെ പോരാട്ടത്തിൽ താൽക്കാലിക വിരാമം കൊണ്ടു വരേണ്ടത് അത്യവശ്യമാണെന്ന് ഗുട്ടറസ് ട്വീറ്റ് ചെയ്തു.
ഈ പ്രദേശങ്ങളിൽ ഇന്ത്യക്കാരെയും മറ്റ് വിദേശ പൗരന്മാരെയും യുക്രെയ്ൻ ദേശീയവാദികൾ ബലം പ്രയോഗിച്ച് പിടിച്ചുവെച്ചിരിക്കുന്നുവെന്ന റഷ്യൻ ആരോപണങ്ങൾക്കിടയിലാണ് യു.എൻ മേധാവിയുടെ ട്വീറ്റ്.
3,700 ഇന്ത്യൻ പൗരൻമാരെ യുക്രെയ്ൻ ദേശീയവാദികൾ ബലപ്രയോഗത്തിലൂടെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് യു.എൻ രക്ഷാ സമിതിയിൽ റഷ്യയുടെ സ്ഥിരം പ്രതിനിധിയായ വാസിലി നെബെൻസിയ ആരോപണം ഉന്നയിച്ചിരുന്നു.
നിരപരാധികളുടെ സുരക്ഷയെ മാനിച്ച് യുക്രെയ്നിൽ അഭിമുഖീകരിക്കുന്നത് സമ്മർദ്ദകരമായ മാനുഷിക പ്രതിസന്ധിയാണെന്ന് അംഗീകരിക്കണമെന്ന് യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു.
നുണകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് വിദേശ വിദ്യാർഥികളെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കാൻ റഷ്യൻ സേനയോട് ആവശ്യപ്പെടണമെന്ന് യുക്രെയ്‌ൻ പ്രതിനിധി സെർജി കിസ്ലിറ്റ്‌സ റഷ്യൻ പ്രതിനിധിയോട് പറഞ്ഞു.
യുക്രെയ്നിലെ സുരക്ഷിതമല്ലാത്ത പടിഞ്ഞാറൻ അതിർത്തി വഴി ഒഴിഞ്ഞ് പോകാൻ വിസമ്മതിച്ചതിന് ഇന്ത്യൻ പൗരൻമാരെ യുക്രെയ്ൻ ദേശീയവാദികൾ ശാരീരികമായി അക്രമിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും റഷ്യയുടെ നാഷണൽ ഡിഫൻസ് മാനേജ്‌മെന്റ് സെന്റർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.