ഗാസയിലെ മാധ്യമസ്ഥാപനങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ നടുക്കം രേഖപ്പെടുത്തി യു.എൻ സെക്രട്ടറി
text_fieldsയുണൈറ്റഡ് നേഷൻസ്: ഇസ്രായേൽ ഗസ്സയിലെ ജനതക്ക് മേൽ നടത്തുന്ന ആക്രമണങ്ങളിൽ നടുക്കം രേഖപ്പെടുത്തി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ഫലസ്തീനിലെ അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ തകർത്ത നടപടി അറിഞ്ഞപ്പോൾ സെക്രട്ടറി ജനറൽ അസ്വസ്ഥനായെന്നും യു.എൻ വക്താവ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും സിവിലിയൻമാർക്ക് നേരെയും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കെതിരാണെന്നും ഇരുകൂട്ടരും ഇത് ഒഴിവാക്കണമെന്നും യു.എൻ സെക്രട്ടറി അറിയിച്ചതായി യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
അതിനിടെ, അക്രമങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് യു.എൻ സുരക്ഷാ സമിതി ചേരുന്നുണ്ട്.
തുടർച്ചയായ ഏഴാം ദിവസവും ഗസ്സക്കു മേൽ ഇസ്രായേൽ ബോംബുവർഷം തുടരുകയാണ്. 41 കുട്ടികളും 22 സ്ത്രീകളുമുപെടെ 150 പേരാണ് ഗസ്സയിൽ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി താമസ കെട്ടിടങ്ങൾ തകർന്നു. ഇനിയും തുടരുമെന്നും വരുംദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളി.
അസോസിയേറ്റഡ് പ്രസ്, അൽജസീറ ഉൾപെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അൽ ജലാ ടവർ തകർത്ത ആക്രമണത്തിൽ അടുത്ത കുടുംബങ്ങളിലെ എട്ടു കുട്ടികളും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് ഫലസ്തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്ഥാനം പ്രവർത്തിച്ച 12 നില ടവറിനു നേരെ ബോംബറുകൾ തീ വർഷിച്ചത്. കുടുംബങ്ങൾ താമസിച്ച 60 അപ്പാർട്ടുമെൻറുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അവശ്യ വസ്തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയായിരുന്നു ആറു തവണ തുടരെ ബോംബുവർഷം.
ഗസ്സയിലെ ഫലസ്തീനി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടവരിൽ പെടും. ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഗസ്സയിലെ വീടും ആക്രമണത്തിനിരയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.