യു.എൻ.ആർ.ഡബ്യു.എയുടെ പ്രവർത്തനം വിലയിരുത്താൻ സ്വതന്ത്രസമിതിയുമായി യു.എൻ
text_fieldsന്യൂയോർക്ക്: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്വതന്ത്രസമിതിക്ക് രൂപം നൽകിയതായി സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. മുൻ ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറീന കോളോനയായിരുക്കും സമിതിയെ നയിക്കുക. മൂന്ന് യുറോപ്യൻ റിസർച്ച് ഓർഗനൈസേഷനുകളുമായി ചേർന്ന് സമിതി പ്രവർത്തിക്കുമെന്നും യു.എൻ അറിയിച്ചിട്ടുണ്ട്.
അധികാരപരിധിയിൽ നിന്നുകൊണ്ട് തന്നെയാണോ ഏജൻസി പ്രവർത്തിക്കുന്നതെന്ന് സ്വതന്ത്ര സമിതി പരിശോധിക്കും. ഇതിനൊപ്പം യു.എൻ.ആർ.ഡബ്യു.എയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമിതി സമർപ്പിക്കും. മാർച്ച് പകുതിയോടു കൂടി ഇടക്കാല റിപ്പോർട്ടും ഏപ്രിലിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കുമെന്നാണ് വിവരം.
അതേസമയം സ്വതന്ത്ര സമിതിയും യു.എൻ.ആർ.ഡബ്യു.എക്കെതിരെ ഉയർന്ന ആരോപണങ്ങളിലുള്ള യു.എൻ അന്താരാഷ്ട്ര അന്വേഷണവും തമ്മിൽ ബന്ധമില്ല. കഴിഞ്ഞ മാസമാണ് ഇസ്രായേൽ ആരോപണങ്ങളിൽ ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിക്കെതിരെ അന്വേഷണം തുടങ്ങിയത്.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്യു.എയുടെ 12 ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇസ്രായേൽ ഉയർത്തിയത്. തെളിവുകളൊന്നും കൈമാറാതെയായിരുന്നു ആരോപണം. അടിസ്ഥാനരഹിതമായ ആരോപണമാണ് ഇസ്രായേൽ ഉന്നയിക്കുന്നതെന്ന് ഫലസ്തീൻ പ്രതികരിച്ചിരുന്നു. എന്നാൽ, ആരോപണത്തിന്റെ ചുവടുപിടിച്ച് ഏജൻസിക്ക് നൽകിയിരുന്ന ഫണ്ട് നിർത്താൻ യു.എസ് ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.