ആംബുലൻസുകൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച അന്‍റോണിയോ ഗുട്ടറസിനെതിരെ ഇസ്രായേൽ
text_fieldsന്യൂയോർക്ക്: ഗസ്സയിൽ അൽ ഷിഫ ആശുപത്രിക്ക് പുറത്ത് ആംബുലൻസുകൾക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെതിരെ വിമർശനവുമായി ഇസ്രായേൽ സ്ഥാനപതി ഗിലാഡ് എർദാൻ. സ്ഥിതിഗതികൾ മനസിലാക്കാതെയാണ് ഗുട്ടറസ് അപലപിച്ചതെന്ന് ഗിലാഡ് എർദാൻ വിമർശിച്ചു.
ഗസ്സയിലേക്ക് സഹായം എത്തുന്നില്ലെന്ന ഗുട്ടറസിന്‍റെ ആരോപണം തെറ്റാണ്. ആംബുലൻസുകൾ ഹമാസ് നീചമായ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ഇസ്രായേൽ സ്ഥാനപതി ആരോപിച്ചു.
ഗസ്സയിൽ അൽ ഷിഫ ആശുപത്രിക്ക് പുറത്തുള്ള ആംബുലൻസിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച അന്‍റോണിയോ ഗുട്ടറസ് ഭയാനകമെന്നാണ് പ്രതികരിച്ചത്. തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതാണ്. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.
ഗസ്സയിൽ ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ റെഡ് ക്രസന്‍റ് അറിയിച്ചു. റഫ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകൾ അടങ്ങിയ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഇതിൽ നാല് ആംബുലൻസുകൾ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്.
റഫ അതിർത്തിയിലേക്കുള്ള അൽ റാഷിദ് കോസ്റ്റൽ റോഡിലൂടെ നാലു കിലോ മീറ്റർ സഞ്ചരിച്ചതും റോഡിൽ തടസമുണ്ടാവുകയും ആംബുലൻസുകൾ ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. ആശുപത്രിയിലെത്താൻ ഒരു കിലോ മീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ആദ്യത്തെ ആംബുലൻസിന് നേരെ ആക്രമണമുണ്ടായി.
എന്നാൽ, ആക്രമണത്തിന് ശേഷവും മറ്റ് ആംബുലൻസുകൾ ആശുപത്രിയിലേക്കുള്ള യാത്ര തുടർന്നു. ആശുപത്രി ഗേറ്റിന് സമീപത്ത് വെച്ചാണ് രണ്ടാമത്തെ ആംബുലൻസും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിലാണ് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.