മ്യാൻമറിലെ സൈനിക അട്ടിമറി റോഹിങ്ക്യൻ മുസ്ലിം ദുരിതം രൂക്ഷമാക്കുമെന്ന് യു.എൻ
text_fieldsനായ്പിഡാവ്: വർഷങ്ങളായി റാഖൈനിലും രാജ്യത്തിന് പുറത്തും നരക ജീവിതം നയിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകളെ മ്യാൻമറിലെ സൈനിക അട്ടിമറി കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പങ്കുവെച്ച് ഐക്യരാഷ്ട്ര സഭ. ഒരു ദശലക്ഷത്തോളം റോഹിങ്ക്യകൾ വർഷങ്ങളായി ബംഗ്ലദേശിലുൾപെടെ അഭയാർഥികളായി കഴിയുന്നുണ്ട്. മ്യാൻമറിൽ അവശേഷിക്കുന്നത് ആറു ലക്ഷത്തോളം പേരാണ്. ഇവരെ കൂടി അഭയാർഥികളാക്കി മാറ്റുന്നതാകുമോ സൈനിക മേധാവിത്തമെന്നാണ് ആശങ്ക. വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാ സമിതി അടിയന്തര സമ്മേളനം ചേരുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ച് പട്ടാളം വീണ്ടും അധികാരം പിടിച്ചത്. നേതൃത്വത്തിലുണ്ടായിരുന്ന ഓങ് സാൻ സൂചി ഉൾപെടെ പ്രമുഖരെ പുലർച്ചെ നടന്ന റെയ്ഡിൽ അറസ്റ്റ് ചെയ്തുിരുന്നു.
മ്യാൻമറിലെ റാഖൈനിൽ 2017ൽ നടന്ന സൈനിക നീക്കത്തിൽ എല്ലാം നഷ്ടപ്പെട്ട ഏഴു ലക്ഷം റോഹിങ്ക്യൻ മുസ്ലിംകൾ ബംഗ്ലദേശിലേക്ക് പലായനം ചെയ്തിരുന്നു. ഗ്രാമങ്ങൾ അഗ്നിക്കിരയാക്കിയും സ്ത്രീകളെ ബലാത്സംഗം ചെയ്തും ആരോഗ്യപരിചരണം നിഷേധിച്ചും നടന്ന വംശഹത്യക്കെതിരെ സൂചിയും ഭരണകൂടവും പ്രതികരിച്ചിരുന്നില്ല. ബംഗ്ലദേശിലേക്കു കടന്ന റോഹിങ്ക്യകൾ ഇപ്പോഴും അഭയാർഥി ക്യാമ്പുകളിലാണ്. സൈന്യം വംശഹത്യയാണ് റാഖൈനിൽ നടത്തിയതെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറെസും പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. നടപടിക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് വിചാരണ പുരോഗമിക്കുകയാണ്.
റാഖൈൻ സംസ്ഥാനത്തു മാത്രം ആറു ലക്ഷം റോഹിങ്ക്യൻ മുസ്ലിംകളുണ്ട്. ഇവരിൽ 1.20 ലക്ഷം പേർ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് അടിയന്തര ചികിത്സ പോലും ലഭിക്കാതെ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്ക് കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുമെന്ന് ഭയക്കുന്നതായി യു.എൻ വക്താവ് സ്റ്റെഫാൻ ദുജാരിച് പറഞ്ഞു.
ചൊവ്വാഴ്ച ചേരുന്ന 15 അംഗ യു.എൻ രക്ഷാ സമിതി യോഗം മ്യാൻമർ പ്രശ്നം അടിയന്തരമായി ചർച്ച ചെയ്യും. സൈനിക അട്ടിമറി അവസാനിച്ചില്ലെങ്കിൽ ഉപരോധം പ്രഖ്യാപിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
2017ലെ സൈനിക നീക്കത്തിനെതിരെ യു.എൻ നടപടിക്ക് ഒരുങ്ങിയിരുന്നുവെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ മ്യാൻമർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, നാല് സൈനിക കമാൻഡർമാർക്കെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധമേർപെടുത്തി.
തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ചാണ് സൈന്യം മ്യാൻമറിൽ സൂചിയെയും ഭരണപ്രമുഖരെയും കസ്റ്റഡിയിലെടുത്തത്. ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
മ്യാൻമറിൽ ബാങ്കി്ങ്, ടെലികോം, രത്നം, ടെക്സ്റ്റൈൽ, ലോഹ മേഖലകളിലുൾപെടെ സമ്പൂർണ നിയന്ത്രണമുള്ള രണ്ട് മുൻനിര കമ്പനികൾ സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. മ്യാൻമർ എക്കണോമിക് ഹോൾഡിങ്സ് ലിമിറ്റഡ്, മ്യാൻമർ എക്കണോമിക് കോർപറേഷൻ എന്നിവയാണവ. രണ്ടു സ്ഥാപനങ്ങളിലും സൈനിക പങ്കാളിത്തം ശക്തമായതിനാൽ ബാഹ്യ ഇടപെടലുകൾക്ക് എത്രത്തോളം മാറ്റം വരുത്താനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഈ സ്ഥാപനങ്ങൾക്കെതിരെ നേരത്തെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
രാജ്യത്ത് ഭരണത്തോടൊപ്പം സാമ്പത്തിക രംഗവും നിയന്ത്രിക്കുന്നതാണ് സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.