അഫ്ഗാനിൽ യു.എൻ ജീവകാരുണ്യ പ്രവർത്തനം തുടരാൻ ധാരണ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ ധാരണയായി. ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫ്ത്ത്സ് താലിബാൻ സഹ സ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബറാദറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
എല്ലാ വിഭാഗം ജനങ്ങൾക്കും ജീവകാരുണ്യസഹായം എത്തിക്കുമെന്നും സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള മുഴുവൻ ജീവകാരുണ്യപ്രവർത്തകർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാൻ ഉറപ്പുനൽകിയതായി യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് അറിയിച്ചു.
വരും ദിവസങ്ങളിൽ അഫ്ഗാനിലുള്ള യു.എൻ ജീവകാരുണ്യ സംഘവുമായി ഗ്രിഫ്ത്ത്സ് ചർച്ച നടത്തും. അഫ്ഗാൻ ജനതക്കുള്ള സഹായം തുടരുമെന്നും യു.എൻ വക്താവ് അറിയിച്ചു.
സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളെയും സംരക്ഷിക്കണമെന്ന് താലിബാൻ നേതാക്കളോട് കൂടിക്കാഴ്ചയിൽ ഗ്രിഫ്ത്ത്സ് ആവശ്യപ്പെട്ടു.
മുൻ വൈസ് പ്രസിഡൻറ് താജികിസ്താനിലേക്ക് രക്ഷപ്പെെട്ടന്ന്
കാബൂൾ: അശ്റഫ് ഗനി സർക്കാറിൽ വൈസ് പ്രസിഡൻറും പഞ്ച്ശീറിലെ വടക്കൻ സഖ്യത്തിലെ അംഗവുമായ അംറുല്ല സാലിഹ് താജികിസ്താനിലേക്ക് രക്ഷപ്പെട്ടതായി താലിബാനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, പഞ്ച്ശീർ താഴ്വരയിൽ താലിബാനെതിരെ പ്രതിരോധത്തിന് നേതൃത്വം നൽകുന്ന അഹ്മദ് മസ്ഊദിെൻറ അവസ്ഥ എന്തെന്ന് വ്യക്തമല്ല.
തുർക്കി അംബാസഡറുമായി താലിബാൻ ചർച്ച നടത്തി
കാബൂൾ: രാജ്യത്തെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അഫ്ഗാനിസ്താനിലെ തുർക്കി അംബാസഡർ താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയതായി താലിബാൻ വക്താവ് സുഹൈൽ ശഹീൻ. അംബാസഡർ ജിഹാദ് എർഗിനെയുമായി താലിബാെൻറ രാഷ്ട്രീയകാര്യ ഓഫിസിലെ തുർക്കി-റഷ്യ വിഭാഗം തലവൻ ഖാരി ദീൻ മുഹമ്മദ് ഹനീഫാണ് സംസാരിച്ചത്.
ഐ.എസിനെതിരെ പോരാട്ടം തുടരുമെന്ന് ഗവർണർ
ജലാലാബാദ്: ഭീകരസംഘടനയായ ഐ.എസിനെതിരായ പോരാട്ടം തുടരുമെന്ന് നങ്കഹാർ പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിലെ താലിബാൻ ഗവർണർ മുല്ല നദ മുഹമ്മദ് പ്രഖ്യാപിച്ചു. ആഗസ്റ്റിൽ ജലാലാബാദ് നഗരത്തിെൻറ നിയന്ത്രണമേറ്റെടുത്തശേഷം 80ഓളം ഐ.എസ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. ഐ.എസിെൻറ അഫ്ഗാനിലെ ശക്തികേന്ദ്രമാണ് നങ്കഹാർ പ്രവിശ്യ.
ജർമൻ കമ്പനികളെ സ്വാഗതം ചെയ്യും
കാബൂൾ: ജീവകാരുണ്യ, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലകളിൽ ജർമൻ നിക്ഷേപം സ്വാഗതം ചെയ്യുമെന്ന് താലിബാൻ അറിയിച്ചു. ജർമൻ പത്രമായ 'ബിൽഡി'ന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിൽ നയതന്ത്ര സാന്നിധ്യവും വികസന പദ്ധതികൾക്കുള്ള സഹായവും തുടരുന്നതിന് ജർമനി നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. സ്ത്രീകളുൾപ്പെടെയുള്ളവരുടെ മനുഷ്യാവകാശങ്ങൾ മാനിക്കാൻ താലിബാൻ തയാറാകണമെന്നും ജർമനി ആവശ്യപ്പെട്ടിരുന്നു.
സൈനികരെ തിരിച്ചുവിളിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിലെ മുൻ സർക്കാറിനു കീഴിൽ ജോലി ചെയ്തിരുന്ന സൈനികരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ അംഗങ്ങൾക്കൊപ്പം പുതിയ സർക്കാറിനു കീഴിൽ ജോലി ചെയ്യാനാണ് നിർദേശം.
പരിശീലനം നേടി കഴിഞ്ഞ 20 വർഷമായി ജോലി ചെയ്യുന്നവരോട് തിരികെ സേനയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. അതേസമയം, സർക്കാറിനെതിരെ കലാപമുണ്ടാക്കിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
താലിബാൻ ക്ഷണം; ചൈനക്ക് മൗനം
െബയ്ജിങ്: അഫ്ഗാനിലെ പുതിയ സർക്കാർ രൂപവത്കരണ ചടങ്ങിലേക്ക് താലിബാൻ ക്ഷണിച്ചതിനെക്കുറിച്ച് ചൈനക്ക് മൗനം. ഇതേക്കുറിച്ച് ഇപ്പോൾ വിവരമില്ലെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചത്. ചൈനക്കു പുറമെ പാകിസ്താൻ, റഷ്യ, തുർക്കി, ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി താലിബാൻ അറിയിച്ചിരുന്നു. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സുതാര്യമായ വിശാലമായ സർക്കാർ രൂപവത്കരിക്കുന്നതിനെ തങ്ങൾ പിന്തുണക്കുമെന്ന് വക്താവ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.