എത്യോപ്യയിലെ ക്രിസ്ത്യൻ-മുസ്ലിം സംഘർഷത്തെ അപലപിച്ച് യു.എന്‍ മനുഷ്യാവകാശ മേധാവി
text_fieldsഎത്യോപ്യയിൽ അടുത്തിടെ നടന്ന മുസ്ലിം-ക്രിസ്ത്യൻ സംഘർഷത്തെ അപലപിച്ച് യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ്. സംഘർഷത്തെ കുറിച്ച് സമഗ്രവും സുതാര്യവുമായ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഏപ്രിൽ 26ന് വടക്കൻ എത്യോപ്യയിൽ പൊട്ടിപുറപ്പെട്ട സംഘർഷം രാജ്യത്തിന്‍റെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. 30ലധികം പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമത്തിൽ താൻ അതീവ ദുഃഖിതയാണെന്ന് അവർ പറഞ്ഞു.
യു.എന്നിന് ലഭിച്ച റിപ്പോർട്ട് പ്രകാരം ഗൊണ്ടാറിൽ രണ്ട് മുസ്ലീം പള്ളികൾ കത്തിച്ചതായും രണ്ടെണ്ണം ഭാഗികമായി നശിപ്പിക്കപ്പെട്ടതായും ബാച്ചലെറ്റ് പറഞ്ഞു. അതേസമയം രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ക്രിസ്ത്യന്‍ വിഭാഗത്തിലെ രണ്ടുപേരെ തീയിട്ട് കൊല്ലുകയും അഞ്ച് ചർച്ചുകൾ കത്തിക്കുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എത്യോപ്യയിലെ നാല് നഗരങ്ങളിൽ നിന്ന് 578 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അറസ്റ്റിലാകുന്നവരെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസൃതമായി വിചാരണക്ക് വിധേയമാക്കണം. എത്യോപ്യയിൽ വിവിധ മത വിഭാഗങ്ങൾക്കിടയിൽ സൗഹാർദ അന്തരീക്ഷം സ്ഥാപിക്കാൻ വിപുലമായ നടപടികൾ വേണമെന്നും മതപരമായ ആക്രമണങ്ങൾ തടയുന്നതിന് സംഘർഷത്തിന്‍റെ അടിസ്ഥാന കാര‍്യങ്ങൾ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നേരത്തെ 2019ൽ നാല് മുസ്ലിം പള്ളികൾ കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.