വടക്കൻ ഗസ്സയിൽ വംശഹത്യയെന്ന് യു.എൻ; മൃതദേഹം സംസ്കരിക്കാൻ പോലും അനുവദിക്കാതെ ഇസ്രായേൽ സേന
text_fieldsഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ ഒമ്പതു ദിവസം പിന്നിട്ട ഇസ്രായേൽ ഉപരോധത്തിനിടെ മരണം 300 കടന്നു. വടക്കൻ ഗസ്സയിലെ ജബാലിയ ക്യാമ്പിൽ കൂട്ടക്കൊലയാണ് ഇസ്രായേൽ നടത്തുന്നതെന്ന് യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസിസ്ക അൽബനീസ് ആരോപിച്ചു. കൂട്ടായും ഒറ്റക്കുപിടിച്ചും ആളുകളെ ഇസ്രായേൽ സേന കൊന്നൊടുക്കുകയാണ്. വംശഹത്യ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജബാലിയക്ക് പുറമെ ബയ്ത് ഹാനൂൻ, ബയ്ത് ലാഹിയ എന്നിവയെയും ഗസ്സ സിറ്റിയിൽനിന്ന് സമ്പൂർണമായി വേർപെടുത്തി പ്രവേശനം അടച്ചതായി പ്രദേശവാസികൾ പറഞ്ഞു. റോഡുകൾ തകർത്തും താമസ കെട്ടിടങ്ങൾ ബോംബിട്ടും ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചും നാലു ലക്ഷത്തോളം ഫലസ്തീനികളെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിടുകയാണ്. 70ലേറെ മൃതദേഹങ്ങൾ ജബാലിയ, ബയ്ത് ലാഹിയ, ബയ്ത് ഹാനൂൻ തെരുവുകളിൽ കിടക്കുകയാണ്.
കുടിയൊഴിപ്പിക്കൽ ഉത്തരവിറക്കിയെങ്കിലും ഇവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ സേന അനുവദിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. മധ്യ ഗസ്സയിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ആക്രമണത്തിൽ ആറു കുട്ടികളടക്കം എട്ടു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സയിൽ 24 മണിക്കൂറിനിടെ 52 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൊത്തം മരണസംഖ്യ 42,227 ആയി.
അതിനിടെ, തെക്കൻ ലബനാനിൽ ഇസ്രായേൽ കൂടുതൽ ഗ്രാമങ്ങൾ ഒഴിപ്പിക്കൽ തുടരുകയാണ്. അവലി പുഴയുടെ വടക്കുള്ള 23 ഗ്രാമങ്ങളിലാണ് ശനിയാഴ്ച പുതുതായി കുടിയൊഴിപ്പിൽ. അതേസമയം, കഴിഞ്ഞദിവസം ബൈറൂത്തിലെ ബസ്തയിൽ ബോംബിട്ടു തകർത്ത രണ്ട് കെട്ടിടങ്ങൾക്കടിയിൽനിന്ന് 17 മൃതദേഹങ്ങൾ പുറത്തെടുത്തു. 12 പേർക്ക് പരിക്കേറ്റു. ബിഖ താഴ്വര, ബഅ്ലബക്, നബാതിയ എന്നിവിടങ്ങളിലും വ്യാപക വ്യോമാക്രമണമുണ്ടായി.
തെക്കൻ ലബനാനിലെ കഫർ തബ്നീത് പട്ടണത്തിൽ പൗരാണിക മസ്ജിദ് പൂർണമായി തകർത്തു. നബാതിയയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അങ്ങാടിയിൽ വ്യാപക ബോംബിങ് നടത്തി. 12 താമസ കെട്ടിടങ്ങളും 40 കടകളുമുള്ള ഇടത്തായിരുന്നു വൻ ആക്രമണം. മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്. ഇതിനകം 2,255 പേർ കൊല്ലപ്പെട്ട ലബനാനിൽ 10,524 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, ലബനാനിൽ 25 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. എറ്റ്സിയോനി ബ്രിഗേഡിലെ സൈനികർക്കാണ് തെക്കൻ ലബനാനിൽ റാമിയ പട്ടണത്തിൽ കടന്നുകയറാനുള്ള ശ്രമത്തിനിടെ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും ബ്ലീദാ പട്ടണത്തിലും ഇസ്രായേൽ സൈനികർക്ക് ആളപായമുണ്ടായെന്നും ഹിസ്ബുല്ല അവകാശപ്പെട്ടു. 24 മണിക്കൂറിനിടെ ഇസ്രായേലിലേക്ക് ഹിസ്ബുല്ല 300ലേറെ റോക്കറ്റുകൾ തൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.