ഗസ്സയിൽ ആംബുലൻസുകൾക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ
text_fieldsവാഷിങ്ടൺ: ഗസ്സയിൽ ആംബുലൻസുകൾക്ക് നേരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. അൽ ഷിഫ ആശുപത്രിക്ക് പുറത്ത് നടന്ന ആക്രമണത്തിലാണ് പ്രതികരണം. തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതാണ്. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയിൽ ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേരാണെന്ന ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഫലസ്തീൻ റെഡ് ക്രസന്റ് പുറത്ത് വിട്ടിരുന്നു. പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചിരുന്നു.
റഫ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലൻസുകളടങ്ങിയ കോൺവോയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ നാല് ആംബുലൻസുകൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്. റഫ അതിർത്തിയിലേക്കുള്ള അൽ റാഷിദ് കോസ്റ്റൽ റോഡിലൂടെ നാല് കിലോ മീറ്റർ സഞ്ചരിച്ചതും റോഡിൽ തടസമുണ്ടാവുകയും ആംബുലൻസുകൾ ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു.
ആശുപത്രിയിലേക്ക് ഒരു കിലോ മീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ആദ്യത്തെ ആംബുലൻസിന് നേരെ ആക്രമണമുണ്ടായി. എന്നാൽ, ആക്രമണത്തിന് ശേഷവും മറ്റ് ആംബുലൻസുകൾ ആശുപത്രിയിലേക്കുള്ള യാത്ര തുടർന്നു. ആശുപത്രി ഗേറ്റിന് സമീപത്ത് വെച്ചാണ് രണ്ടാമത്തെ ആംബുലൻസും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിലാണ് 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.