യു.എൻ രക്ഷാസമിതിയിൽ ഹമാസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനുള്ള യു.എസ് നീക്കം പാളി
text_fieldsന്യൂയോർക്: പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്ന പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനും ഇസ്രായേലിനെതിരായ ആക്രമണത്തെ മാത്രം അപലപിക്കാനുമുള്ള യു.എസ് നീക്കം പാളി. രക്ഷാസമിതി അംഗങ്ങൾ അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറിലേറെ ചർച്ച നടത്തിയിട്ടും ഐക്യകണ്ഠേന സംയുക്ത പ്രസ്താവന നടത്താനായില്ല. സമാധാനം പുന:സ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് രക്ഷാസമിതി അഭിപ്രായപ്പെട്ടു.
ഹമാസ് ആക്രമണത്തെ ശക്തമായി അപലപിക്കാൻ യു.എൻ രക്ഷാസമിതിയിലെ 15 അംഗങ്ങളോടും അമേരിക്ക അഭ്യർഥിച്ചിരുന്നു. ഇസ്രായേൽ ജനതക്കെതിരെ അതിക്രൂരമായ ഭീകരാക്രമണമാണ് ഹമാസ് നടത്തുന്നതെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അമേരിക്കയുടെ ആവശ്യത്തോട് എല്ലാ അംഗങ്ങളും അനുകൂലമായി പ്രതികരിച്ചില്ല.
'ഹമാസ് ആക്രമണത്തെ വലിയ വിഭാഗം അംഗങ്ങളും അപലപിച്ചിട്ടുണ്ട്. എന്നാൽ, എല്ലാവരുമില്ല' -മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ റോബർട്ട് വൂഡ് യോഗത്തിന് ശേഷം പറഞ്ഞു. 'രക്ഷാസമിതിയിൽ ഹമാസ് ആക്രമണത്തെ അപലപിക്കാൻ തയാറാകാത്ത ഒരു രാജ്യം ഏതാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാനാകും' -റഷ്യയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
90 മിനിറ്റിലേറെ നീണ്ട രക്ഷാസമിതി യോഗത്തിൽ യു.എൻ മിഡിൽ ഈസ്റ്റ് സമാധാന അംബാസഡർ ടോർ വിന്നിസ്ലാൻഡ് നിലവിലെ സാഹചര്യം വിശദീകരിച്ചു.
എല്ലാ അംഗങ്ങളുടെയും പിന്തുണയോടുകൂടിയേ രക്ഷാസമിതിയിൽ സംയുക്ത പ്രസ്താവന നടത്താനാകൂ. നിലവിലെ സംഘർഷ സാഹചര്യത്തിന് ഹമാസിനെ മാത്രം കുറ്റപ്പെടുത്തുന്നതിലുപരി പ്രശ്നപരിഹാരത്തിന് വിശാലമായ മാർഗം തേടണമെന്ന നിർദേശമാണ് റഷ്യയുടെ നേതൃത്വത്തിൽ ഏതാനും അംഗങ്ങൾ സ്വീകരിച്ചത്.
ഏറ്റുമുട്ടൽ ഉടനടി അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ച് അർഥവത്തായതും പതിറ്റാണ്ടുകളായി ചർച്ചയിലുള്ളതുമായ പരിഹാര മാർഗങ്ങളിലേക്ക് കടക്കണമെന്ന സന്ദേശമാണ് റഷ്യ നൽകിയതെന്ന് റഷ്യയുടെ യു.എൻ അംബാസഡർ വസിലി നെബൻസിയ പറഞ്ഞു. പരിഹാരമില്ലാതെ തുടരുന്ന പ്രശ്നങ്ങളുടെ ബാക്കിപത്രമാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, രക്ഷാസമിതി യോഗത്തിന് മുമ്പ് ചൈനീസ് അംബാസഡർ യാങ് ജൂൻ റഷ്യയുടെതിന് സമാനമായ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. സിവിലിയൻമാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഹമാസിനെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ദ്വിരാഷ്ട്രമെന്ന പരിഹാരമാർഗത്തിലേക്ക് എത്തുകയാണ് പ്രധാനമെന്നും ചൈന പറഞ്ഞിരുന്നു.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആക്രമണങ്ങളെ അപലപിച്ചതായും വ്യാപകമായ സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.