വെള്ളം ചേർത്ത പ്രമേയം അംഗീകരിച്ച് യു.എൻ രക്ഷാസമിതി; വെടിനിർത്തൽ ഇല്ല, കൂടുതൽ മാനുഷിക സഹായം മാത്രം
text_fieldsന്യൂയോർക്: ഗസ്സയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം സഹായം നൽകാൻ മാത്രം അനുവദിച്ച് യു.എൻ രക്ഷാസമിതിയിൽ പാസായി. അമേരിക്കയും റഷ്യയും വിട്ടുനിന്നപ്പോൾ മറ്റ് അംഗരാജ്യങ്ങൾ അനുകൂലമായി വോട്ടുചെയ്തു. ഇസ്രായേൽ സൈനിക കാർമികത്വത്തിൽ വംശഹത്യയും മഹാനാശവും തുടരുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അവതരിപ്പിക്കാനിരുന്ന പ്രമേയം അമേരിക്കൻ എതിർപ്പിനെതുടർന്ന് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.
ശത്രുത പൂർണമായി അവസാനിപ്പിക്കണമെന്നും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് യു.എൻ കാർമികത്വത്തിലാകണമെന്നുൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഈ രണ്ട് ആവശ്യങ്ങളും ഒരു നിലക്കും അംഗീകരിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ വീണ്ടും വീറ്റോ ചെയ്യപ്പെടുമെന്നായി.
ഹമാസിനെ തുടച്ചുനീക്കുംവരെ ആക്രമണം തുടരാൻ ഇസ്രായേലിനെ സഹായിക്കുമെന്നാണ് യു.എസ് നിലപാട്. ഗസ്സയിലേക്കുള്ള സഹായം നിലവിൽ ഇസ്രായേൽ നിയന്ത്രിക്കുന്നത് മാറ്റി യു.എന്നിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ്ഹൗസ് പറയുന്നു. ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാണ് രക്ഷാസമിതിയിൽ പ്രമേയം പാസായത്.
യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ ‘ഇസ്രായേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം’ എന്ന വാചകം യു.എസ് സമ്മർദത്തെതുടർന്ന് ഒഴിവാക്കി ‘സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികൾക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക’ എന്നാക്കി മാറ്റിയിരുന്നു. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തേ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇത്തവണ വീറ്റോ ഒഴിവാക്കാനാണ് മയപ്പെടുത്തൽ ശ്രമങ്ങൾ നടക്കുന്നത്.
അതേസമയം, ജബലിയയിലും ഖാൻ യൂനുസിലും ഇസ്രായേൽ സേന ശക്തമായി തുടരുന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജബലിയയിലെ ആംബുലൻസ് കേന്ദ്രം തകർത്തു. ജീവനക്കാരെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
ഇസ്രായേൽ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയതായി അൽഖുദ്സ് ബ്രിഗേഡ് അറിയിച്ചു. യുദ്ധം ആരംഭിച്ചതുമുതൽ 720 സൈനിക വാഹനങ്ങൾ തകർത്തതായി അൽഖസ്സാം ബ്രിഗേഡും അറിയിച്ചു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. 53,320 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഗസ്സയിൽ 390 പേർ കൊല്ലപ്പെടുകയും 734 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.