ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടെ യു.എൻ സുരക്ഷാസമിതിയുടെ നിർണായക യോഗം ഇന്ന്
text_fieldsവാഷിങ്ടൺ: ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടന ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ യു.എൻ സുരക്ഷാസമിതിയുടെ നിർണായക യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളെ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. വലിയ സംഘർഷം തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പ്രസ്താവനയിൽ അറിയിച്ചു.
ഇരു രാജ്യങ്ങളിലേയും സാധാരണക്കാരായ ജനങ്ങളുടെ കാര്യത്തിൽ യു.എൻ സെക്രട്ടറി ജനറൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുവെന്ന് ഏജൻസി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. സിവിലയൻമാരെ സംരക്ഷിക്കണമെന്നും അന്താരാഷ്ട്രതലത്തിലുള്ള മനുഷ്യാവകാശ നിയമങ്ങൾ ഇരു രാജ്യങ്ങളും പാലിക്കണമെന്നും ഡുജാറിക് പറഞ്ഞു.
ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസ്’ അധിനിവിഷ്ട ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 250ഓളം പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 232ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.