റഫയിലേക്കുള്ള ഭക്ഷ്യവിതരണം നിർത്തി യു.എൻ; യു.എസിന്റെ കടൽപ്പാലം പദ്ധതി പരാജയമാകുമെന്ന് മുന്നറിയിപ്പ്
text_fieldsഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ റഫയിൽ ഭക്ഷണ വിതരണം നിർത്തിയതായി യു.എൻ. ഇസ്രായേൽ സേന ഇവിടെ ആക്രമണം തുടരുന്നതിനാൽ യു.എന്നിനു കീഴിലെ വിതരണ കേന്ദ്രത്തിലേക്കും സംഭരണ കേന്ദ്രത്തിലേക്കും എത്താനാകുന്നില്ലെന്ന് സുരക്ഷ അപകടത്തിലാണെന്നും വിലയിരുത്തിയാണ് നടപടി. 13 ലക്ഷത്തോളം പേർ കഴിഞ്ഞുവന്ന റഫയിൽ എട്ടു ലക്ഷത്തിലേറെ പേർ ഇതിനകം നാടുവിട്ടിട്ടുണ്ട്.
റഫയിലേക്ക് കഴിഞ്ഞ 10 ദിവസത്തിനിടെ അവശ്യ മരുന്നുകൾ പോലും എത്തിയില്ലെന്നും യു.എൻ ഏജൻസി അറിയിച്ചു. അതിനിടെ, ഗസ്സയിൽ യു.എസ് നിർമിച്ച താത്കാലിക കടൽപാലം വഴി എത്തിച്ച 569 ടൺ ഭക്ഷണവും മറ്റു സഹായങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കടുത്ത പട്ടിണിയും ഭക്ഷണക്ഷാമവും നേരിടുന്ന ദെയ്ർ അൽബലഹിൽ ഫലസ്തീനികൾ ഭക്ഷണവുമായി എത്തിയ വാഹനങ്ങളിൽ കയറി അവ കൈക്കലാക്കാൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വഴികൾ കണ്ടെത്താനെന്ന പേരിൽ നിർത്തിവെച്ചത്.
അതിനിടെ, വടക്കൻ ഗസ്സയിൽ രണ്ട് ആശുപത്രികൾ കൂടി ഇസ്രായേൽ ഉപരോധത്തിൽ തുടരുകയാണ്. ബെയ്ത് ലാഹിയയിൽ കമാൽ അദ്‍വാൻ ആശുപത്രിയും ജബലിയയിൽ അൽഔദ ആശുപത്രിയുമാണ് ഇസ്രായേൽ സേന നിയന്ത്രണത്തിലാക്കിയത്. കമാൽ അദ്‍വാൻ ആശുപത്രിയുടെ അടിയന്തര സേവനവിഭാഗം ഇസ്രായേൽ ആക്രമിച്ചുതകർത്തു. ഗസ്സയിൽ 24 മണിക്കൂറിനിടെ 62 പേർ കൊല്ലപ്പെട്ടു.
അൽഅഖ്സയിൽ കടന്നുകയറി ബെൻ ഗ്വിർ
തെൽ അവിവ്: ജറൂസലമിൽ മസ്ജിദുൽ അഖ്സ സമുച്ചയത്തിനകത്ത് കടന്നുകയറി ഇസ്രായേൽ ദേശസുരക്ഷ മന്ത്രി ഇത്തമർ ബെൻ ഗ്വിർ. ‘വിശുദ്ധ ഭൂമി ഇസ്രായേൽ രാജ്യത്തിന് മാത്രം അവകാശപ്പെട്ടതാ’ണെന്ന് പ്രഖ്യാപിച്ചായിരുന്നു നീക്കം.
മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയതിനുപിറകെ ഇവിടെ അതിക്രമിച്ചുകടന്ന ബെൻ ഗ്വിർ, ഫലസ്തീൻ രാഷ്ട്രത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ പോലും അനുവദിക്കില്ലെന്നും പറഞ്ഞു. ബെൻ ഗ്വിറിനെ അനുഗമിച്ച് വൻ പൊലീസ് സാന്നിധ്യവും അൽഅഖ്സ സമുച്ചയത്തിൽ വിന്യസിച്ചിരുന്നു. നാലാം തവണയാണ് പ്രകോപനവുമായി ബെൻ ഗ്വിർ മസ്ജിദ് പരിസരത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.