സ്ത്രീകളുടെ അവകാശം ഇല്ലാതാക്കിയാൽ താലിബാന് നൽകുന്ന സഹായം കുറക്കുമെന്ന് യു.എൻ
text_fieldsവാഷിങ്ടൺ: സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കിയാൽ താലിബാൻ ഭരണകൂടത്തിന് നൽകുന്ന സഹായം കുറക്കുമെന്ന് യു.എൻ മുന്നറിയിപ്പ്. അഫ്ഗാനിസ്താനിലെ യു.എൻ പ്രതിനിധിയാണ് മുന്നറിയിപ്പ് നൽകിയത്. സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ ഇല്ലാതാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യു.എൻ മുന്നറിയിപ്പ്.
2023ൽ 4.6 ബില്യൺ ഡോളർ അഫ്ഗാനിസ്താന് നൽകാൻ യു.എൻ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്ന് യു.എൻ പ്രതിനിധി റോസ ഒറ്റുൻബയേവ പറഞ്ഞു. എന്നാൽ, പെൺകുട്ടികൾ സ്കൂളിൽ പ്രവേശിക്കുന്നതും യൂനിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നതും പൊതുസ്ഥലങ്ങളിലെത്തുന്നതും തടഞ്ഞാൽ അത് യു.എൻ സഹായത്തെ ബാധിക്കുമെന്നും പ്രതിനിധി മുന്നറിയിപ്പ് നൽകി.
സ്ത്രീകളെ ജോലിക്കയച്ചില്ലെങ്കിലും അഫ്ഗാന് നൽകുന്ന സഹായത്തിൽ കുറവ് വരും. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെറുകിട പദ്ധതികൾക്കായും കാലാവസ്ഥ വ്യതിയാനം ഉൾപ്പടെ ചെറുക്കുന്നതിനുമായാണ് അഫ്ഗാനിസ്താന് സഹായം നൽകുകയെന്നും യു.എൻ അറിയിച്ചു.
താലിബാൻ ഇപ്പോൾ ഒരു മായാലോകത്താണുള്ളത്. അഫ്ഗാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും അവർക്ക് പാലിക്കാൻ സാധിച്ചിട്ടില്ലെന്നും യു.എൻ പ്രതിനിധി വ്യക്തമാക്കി. ആഗസ്റ്റ് 2021ലാണ് താലിബാൻ അഫ്ഗാനിസ്താന്റെ അധികാരം വീണ്ടും പിടിച്ചത്. 20 വർഷത്തെ യുദ്ധത്തിന് ശേഷം യു.എസ് സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെയായിരുന്നു താലിബാൻ വീണ്ടും അധികാരത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.