അഫ്ഗാനിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി യു.എൻ
text_fieldsജനീവ: അഫ്ഗാനിൽ താലിബാൻ നിയന്ത്രണത്തിലാക്കിയ മേഖലകളിൽ പൗരന്മാരെയും കീഴടങ്ങിയ സൈനികരെയും വധിക്കുന്നത് ഉൾപ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി വിശ്വസനീയ റിപ്പോർട്ടുകൾ ലഭിച്ചതായി യു.എൻ മനുഷ്യാവകാശ കമ്മീഷൻ മേധാവി മിഷേൽ ബാഷ്ലറ്റ്.
ഈ മേഖലകളിൽ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാൽ സ്ത്രീകളോടുള്ള താലിബാെൻറ അടിച്ചമർത്തൽ നിയന്ത്രണരേഖ കടക്കും. സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കാൻ താലിബാൻ തയാറാകണം. മാത്രമല്ല, മേഖലകളിൽനിന്ന് കുട്ടികളെ വ്യാപകമായി താലിബാൻ സേനാംഗങ്ങളാക്കുകയാണെന്നും റിപ്പോർട്ടുണ്ട്. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കുന്നില്ല. അഫ്ഗാനിസ്താനിൽ താലിബാെൻറ ഭരണത്തെ കുറിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മനുഷ്യാവകാശ കൗൺസിൽ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
താലിബാൻ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാകുന്ന സാഹചര്യത്തിൽ എത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങൾ അവിെട നടക്കുന്നുണ്ടെന്ന് വ്യക്തമല്ല. 90കളിൽ താലിബാൻ അധികാരത്തിലെത്തിയപ്പോൾ, സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. രാജ്യത്ത് ടെലിവിഷനും സംഗീതവും നിരോധിച്ചിരുന്നു. മോഷണം നടത്തുന്നവരെ കൈകൾ ഛേദിക്കുകയും പരസ്യമായി കഴുവേറ്റുകയും ചെയ്തിരുന്നു. ഇതേ ക്രൂരമായ ശിക്ഷാമുറകൾ വീണ്ടും ആവർത്തിക്കുമെന്ന ഭയപ്പാടിലാണ് ജനം കൂട്ടമായി പലായനം ചെയ്യുന്നത്.
അതേസമയം, സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തില്ലെന്ന് താലിബാൻ നേതാക്കൾ ഉറപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.