Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരുമിച്ച് ഇല്ലാതായത്...

ഒരുമിച്ച് ഇല്ലാതായത് നെഞ്ചുവിരിച്ച് മുന്നിലുണ്ടായിരുന്ന രണ്ടുപേർ

text_fields
bookmark_border
ഒരുമിച്ച് ഇല്ലാതായത് നെഞ്ചുവിരിച്ച് മുന്നിലുണ്ടായിരുന്ന രണ്ടുപേർ
cancel
camera_alt

ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാൻ, പ്രസിഡന്‍റ്​ ഇബ്രാഹീം റഈസി

തെ​ഹ്റാ​ൻ: ഗസ്സയും പശ്ചിമേഷ്യയും ഒന്നിച്ച് കലുഷിത നാളുകളിലൂടെ ഒഴുകുന്നതിനിടെ എല്ലാറ്റിലും നേരിട്ട് ഇടപെട്ട് മുന്നിലുണ്ടായിരുന്ന രണ്ടുപേർ അപ്രതീക്ഷിത ദുരന്തത്തിൽ മടങ്ങുമ്പോൾ കാലുഷ്യം വർധിക്കുമെന്ന് ആശങ്ക. കാലാവസ്ഥ പിഴച്ചാണ് ദുരന്തമെന്ന് ആദ്യ സൂചനകൾ പറയുമ്പോഴും ഇബ്രാഹിം റഈസിയും അമീർ അബ്ദുല്ലഹിയാനും പിന്നെ കുറെ പേരും ഒന്നിച്ച് അപകടത്തിൽപെടുന്നതിനുപിന്നിൽ വിദേശ ഇടപെടലുകളുണ്ടോയെന്ന സംശയം സമൂഹ മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്.

പാകിസ്താൻ, ഇറാഖിലെ കുർദിസ്താൻ എന്നിവിടങ്ങളിലും അടുത്തിടെ ആക്രമണം നടത്തിയ രാജ്യം മേഖലയിൽ ഇസ്രായേലിന് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. വേണ്ടിവന്നാൽ അണുവായുധം പ്രയോഗിക്കാനും മടിയില്ലെന്ന് അടുത്തിടെ നേതൃത്വം അവകാശപ്പെടുകയും ചെയ്തു. സൗദിയുമായി ഇറാനെ അടുപ്പിക്കുന്നതിൽ മുന്നിൽനിന്നയാളായിരുന്നു റഈസി. അമീർ അബ്ദുല്ലഹിയാനാകട്ടെ, ഇറാൻ നിലപാടുകളുടെ വക്താവായി അയൽരാജ്യങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തുപോന്നു. ഇരുവരും ഒന്നിച്ചിറങ്ങിപ്പോകുന്ന വിടവിലേക്ക് ആര് കയറിയിരിക്കുമെന്നും നിലപാടുകൾ എങ്ങനെയാകുമെന്നതുമാണ് ലോകം ഉറ്റുനോക്കുന്നത്.

റഈസിയുടെ മരണം സ്ഥിരീകരിച്ചയുടൻ ഇസ്രായേലി ഉദ്യോഗസ്ഥ പ്രമുഖന്റെ പ്രതികരണം, ലോകം ഇനി കുറെ​ക്കൂടി സമാധാന പൂർണമാകുമെന്നായിരുന്നു. ഗസ്സയിലെ ഫലസ്തീനി ചെറുത്തുനിൽപിന് ഏറ്റവും ശക്തമായ പിന്തുണ നൽകിപ്പോന്ന ഒരു രാജ്യം പ്രതിസന്ധിയുടെ മുഖത്തുനിൽക്കുമ്പോഴുള്ള സ്വാഭാവിക പ്രതികരണമായി ഇത് കാണാമെങ്കിലും ഇറാനിൽ നിരവധി ആക്രമണങ്ങൾ നടത്തിയ പാരമ്പര്യമുള്ളവരാണ് ഇസ്രായേൽ.

ഇറാനിൽ ഇതാദ്യമല്ല

തെഹ്റാൻ: ഇറാൻ ഭരണാധികാരിക്ക് ദാരുണാന്ത്യം സംഭവിക്കുന്നത് ഇതാദ്യമായല്ല. 1981 ആഗസ്റ്റ് 30ന് ഇറാന്റെ രണ്ടാമത്തെ പ്രസിഡന്റ് മുഹമ്മദ് അലി റജാഇയും പ്രധാനമന്ത്രി മുഹമ്മദ് ജവാദ് ബഹോനറും ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിന് ശേഷമുള്ള കലുഷിത അന്തരീക്ഷത്തിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം നടന്ന ഹാളിലാണ് സ്ഫോടനമുണ്ടായത്.

‘വിശ്വസ്തനായ സഹായി’ രണ്ട് നേതാക്കൾക്കും ഇടയിൽ കൊണ്ടുവെച്ച ബ്രീഫ് കേസിനകത്തായിരുന്നു സ്ഫോടകവസ്തു. മറ്റു മൂന്നുപേരും കൊല്ലപ്പെട്ടു. ആഗസ്റ്റ് രണ്ടിന് അധികാരമേറ്റ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഒരുമാസം തുടരാനായില്ല. റജാഇ അതിന് മുമ്പ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു.

മു​ഖ്ബ​ർ ഖാംനഇയുടെ അടുപ്പക്കാരൻ

തെ​ഹ്റാ​ൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്ടർ അപകടത്തിൽ മരിച്ച സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡന്റാകും. പ്രസിഡന്റിന് അപായം സംഭവിച്ചാൽ വൈസ് പ്രസിഡന്റ് താൽക്കാലികമായി അധികാരമേൽക്കുന്ന രീതിയിൽ ഇറാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. 50 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം.

മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഇറാനിൽ വൈസ് പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെയല്ല തെരഞ്ഞെടുക്കുക. പകരം നേരിട്ടുള്ള നിയമനമാണ്. 2021ൽ ഇറാൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ മുഹമ്മദ് മുഖ്ബറിനെ വൈസ് പ്രസിഡന്റായി നിയമിച്ചു. അതിനുമുമ്പ് 14 വർഷം അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയിരുന്ന ‘സെറ്റാഡ്’ എന്ന സർക്കാർ വകുപ്പിന്റെ മേധാവിയായിരുന്നു. ആണവ/ബാലിസ്റ്റിക് മിസൈൽ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2010ൽ യൂറോപ്യൻ യൂനിയൻ ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളിൽ മുഖ്ബറും ഉണ്ടായിരുന്നു. രണ്ടുവർഷത്തിനുശേഷം അദ്ദേഹത്തെ പട്ടികയിൽനിന്ന് നീക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഖ്ബർ. 1955 സെപ്റ്റംബർ ഒന്നിന് ഖുസിസ്താൻ പ്രവിശ്യയിലെ ദെസ്ഫുലിൽ ക്ലെറിക്കൽ കുടുംബത്തിലാണ് ജനനം.

നേരത്തെ ബാങ്കിങ്, ടെലികമ്യൂണിക്കേഷൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ജീവകാരുണ്യ സംഘടനയായ മുസ്തസഫാൻ ഫൗണ്ടേഷന് വേണ്ടിയും പ്രവർത്തിച്ചു. ‘അന്തർദേശീയ നിയമം’ വിഷയത്തിൽ ഡോക്ടറേറ്റുള്ള മുഖ്ബർ പാശ്ചാത്യ ഉപരോധം ഇറാന്റെ എണ്ണ വ്യവസായത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു. 1980ൽ ഇറാൻ- ഇറാഖ് യുദ്ധകാലത്ത് ഇറാൻ റെവലൂഷനറി ഗാർഡിൽ ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.

അനുശോചനവുമായി ലോകം

ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റ​ഈ​സി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​ർ​പ്പി​ച്ച് ലോ​ക നേ​താ​ക്ക​ൾ. ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ, ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ശി​യ അ​ൽ സു​ഡാ​നി, ഗ​ൾ​ഫ്-​അ​റ​ബ് രാ​ഷ്ട്ര​നേ​താ​ക്ക​ൾ, തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ദേ​ശ ന​യ മേ​ധാ​വി ജോ​സ​ഫ് ബോ​റെ​ൽ തു​ട​ങ്ങി​യ​വ​രെ കൂ​ടാ​തെ ഹ​മാ​സ്, ഹി​സ്ബു​ല്ല, ഹൂ​തി നേ​താ​ക്ക​ളും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranmiddle eastIsrael Palestine ConflictEbrahim RaisiHossein Amirabdollahian
News Summary - Uncertainty in Middle East after death of Iranian President Ebrahim Raisi and Foreign Minister Amirabdollahian
Next Story